Kozhikode

കോഴിക്കോട് ഡോഗ് സ്ക്വാഡ് കടിയൻ നായയെ പിടികൂടി

Please complete the required fields.




കോഴിക്കോട് : നഗരത്തിൽ 9 മണിക്കൂറിനിടെ 19 പേരെ കടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവു നായയെ കോർപറേഷന്റെ അനിമൽ ബർത്ത് കൺട്രോൾ ഹോസ്പിറ്റലിലെ ഡോഗ് സ്ക്വാഡ് പിടികൂടി. ഒൻപതര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാവിലെ 11.15ന് അശോകപുരം പി.ആർ.നമ്പ്യാർ റോഡിൽ നിന്നു നായയെ പിടികൂടിയത്. നായയെ പൂളക്കടവിൽ കോർപറേഷന്റെ അനിമൽ ബർത്ത് കൺട്രോൾ ഹോസ്പിറ്റലിലെ നിരീക്ഷണ മുറിയിലേക്കു മാറ്റി. ഇതു മറ്റു തെരുവു നായ്കളെ കടിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ നായ പോയ ഭാഗത്തെ തെരുവു നായ്ക്കൾക്ക് ഇന്നു മുതൽ വാക്സിനേഷൻ നൽകും.

സി.എച്ച്.മേൽപാലത്തിനു സമീപത്തുനിന്ന് ഒരാളെ തെരുവു നായ കടിച്ചെന്ന വിവരം പൊലീസ് കൺട്രോൾ റൂമിൽ നിന്നാണ് കോർപറേഷൻ അധികൃതർക്ക് ലഭിച്ചത്. ഇതേ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കോർപറേഷൻ ചീഫ് വെറ്ററിനറി സർജൻ ഡോ. വി.എസ്.ശ്രീഷ്മയുടെ നേതൃത്വത്തിൽ സി.എച്ച്.മേൽപാലത്തിനു സമീപത്തു നിന്നും തിരച്ചിൽ തുടങ്ങിയത്. ഇതിനു തൊട്ടുമുൻപ് സി.എച്ച്.മേൽപാലം ജംക്‌ഷനു സമീപം ഒരു യുവതിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും അവർ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചതിനാൽ കടിയേറ്റില്ല. പിന്നീട് നായ ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡിലൂടെ പോയതായി വിവരം ലഭിച്ചതിനാൽ അവിടേക്കു പോയി. അവിടെ നിന്ന് അശോകപുരം, മലബാർ ക്രിസ്ത്യൻ കോളജ് ജംക്‌ഷനിലൂടെ നടക്കാവ് ക്രോസ് റോഡിലെത്തി. പിന്നീട് വയനാട് റോഡിലൂടെ ഫാത്തിമ ഹോസ്പിറ്റലിനു സമീപത്തു നിന്നും യു.കെ.ശങ്കുണ്ണി റോഡിലൂടെ മാവൂർ റോഡ് ഭാഗത്തേക്കു പോയി. ഇവിടം വരെയാണ് ചൊവ്വാഴ്ച തിരച്ചിൽ നടത്തിയത്.

ഇന്നലെ രാവിലെ 6ന് വീണ്ടും പരിശോധന തുടങ്ങി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, മാനാഞ്ചിറ സിഎസ്ഐ പള്ളിക്കു സമീപം, സ്റ്റേഡിയം ജംക്‌‌ഷൻ, പുതിയറ, ഹോട്ടൽ മഹാറാണിക്കു സമീപം തുടങ്ങിയ ഭാഗങ്ങളിൽ പരിശോധന നടത്തി വരുന്നതിനിടെയാണ് അശോകപുരം ഭാഗത്ത് കോർപറേഷന്റെ തപാൽ ജീവനക്കാരനെ നായ ഓടിച്ചതായി വിവരം ലഭിച്ചത്. ഡോഗ് കാച്ചർമാരായ ആർ.സുധീഷ്, കെ.പി.പ്രജീഷ്, ഒ.ടി.ദീപക്, എ.പി.അശ്വരാജ്, ഡ്രൈവർ വി.ശ്രീജേഷ് എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button