Kozhikode

പോലീസ് റെയ്ഡിൽ നാലുപേർ കസ്റ്റഡിയിൽ

Please complete the required fields.




കോഴിക്കോട് :പേരാമ്പ്ര നഗരത്തിൽ ബസ്‌സ്റ്റാന്റിനടുത്ത് കള്ളുഷാപ്പിനുസമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുഷ് ആയുർവേദ വെൽനസ് സെന്റർ ആൻഡ്‌ സ്‌പാ എന്ന സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തി. അനാശാസ്യം നടത്തിയെന്നതിന്റെ പേരിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനംനടത്തുന്ന പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസ്, മാനേജർ പെരുവണ്ണാമൂഴി സ്വദേശി ആന്റോ എന്നിവരെയും ഇവിടേക്കെത്തിയ മറ്റ്‌ രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകളും പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലുള്ള രണ്ട് സ്ത്രീകളെയും ജീവനക്കാരായിവെച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. സ്ഥാപനത്തിലുണ്ടായിരുന്നവരെ പോലീസ് ജീപ്പിലേക്ക് കയറ്റാൻ കൊണ്ടുപോകുമ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. പോലീസ് പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കുറച്ചുനേരം പോലീസുമായി ഉന്തും തള്ളും സംഘർഷാവസ്ഥയുമുണ്ടായി. ഒരുവർഷത്തിലധികമായി ഈ സ്ഥാപനം വാടകക്കെട്ടിടത്തിൽ ഇവിടെ പ്രവർത്തിക്കുന്നെന്നാണ് വിവരം.ദിവസേന ഒട്ടേറെ ആളുകളാണ് വന്നുകൊണ്ടിരുന്നതെന്നാണ് പോലീസിനുലഭിച്ച വിവരം. ആയിരം രൂപമുതൽ മസാജിന്റെ രീതികൾക്കനുസരിച്ച് വിവിധതുക വാങ്ങിയിരുന്നതായി പറയുന്നു. സ്ഥാപനത്തിന്റെപേരിൽ പരാതിയുണ്ടായ പശ്ചാത്തലത്തിലാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്‌പി എൻ. സുനിൽകുമാറിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്ന് റെയ്ഡ് നടത്തിയത്. വിവരമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്ഥാപനത്തിനുമുന്നിൽ തടിച്ചുകൂടിയത്.

ജനങ്ങളുടെ പ്രതിഷേധമുണ്ടായതിനാൽ കൊയിലാണ്ടി ആംഡ് റിസർവിൽനിന്നടക്കം കൂടുതൽ പോലീസെത്തിയാണ് എല്ലാവരെയും പോലീസ് ജീപ്പിൽ കയറ്റിയത്. ഇൻസ്പെക്ടർ ഇ.കെ. ഷിജു, എസ്ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ അനൂപ്, സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി. വിനീഷ്, എൻ.എം. ഷാഫി, സിപിഒമാരായ സിഞ്ചുദാസ്, കെ.കെ. ജയേഷ്, രജിലേഷ്, സുജില തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button