
കോഴിക്കോട്:കോരിച്ചൊരിയുന്ന മഴയ്ക്ക് ക്ഷീരകർഷകരുടെ സമരവീര്യം ചോർത്താനായില്ല. കാരണം, മഴയേക്കാളും വലുതാണ് ഓരോ ക്ഷീരകർഷകന്റെയും ആവശ്യം. ഉൽപാദനച്ചെലവ് ഉയർന്നതിനാൽ ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്‌ഥയിലാണ് മലബാറിലെ കർഷകർ ഇന്ന് കോഴിക്കോട് നഗരത്തിൽ സമരവുമായി രംഗത്തിറങ്ങിയത്. പാലിന്റെ സംഭരണവില വർധിപ്പിക്കുക, മിൽമ ചാർട്ട് പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡെയറി ഫാർമേഴ്സ‌് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്ജില്ലാ ക്ഷീരവികസ ഓഫീസിലേക്ക് ക്ഷീരകർഷകർ മാർച്ച് നടത്തിയത്.
സംസ്ഥാനത്ത് ക്ഷീരമേഖലയെ ആശ്രയിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. കർഷകരും സഹായികളും അനുബന്ധ മേഖലയിലുള്ളവരുമെല്ലാം ക്ഷീരസംരംഭത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ, ക്ഷീരസംരംഭത്തിൽനിന്ന് ഒന്നും മിച്ചംപിടിക്കാൻ സാധിക്കുന്നില്ലെന്ന് കർഷകർ വ്യക്തമാക്കി.
സംസ്‌ഥാനത്ത് 21-ാം ലൈവ് സ്റ്റോക് സെൻസസ് അനുസരിച്ച് പശുക്കളുടെയും ആടുകളുടെയും എണ്ണത്തിൽ വലിയ ഇടിവുണ്ടായതായാണ് അനൗദ്യോഗിക റിപ്പോർട്ട്. സെൻസസിന്റെ അന്തിമ റിപ്പോർട്ട് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് പുറത്തുവിട്ടിട്ടില്ലെങ്കിലും സംസ്‌ഥാനത്ത് കന്നുകാലികളുടെ എണ്ണം 5 വർഷത്തിനിടെ 32.15 ശതമാനം കണ്ടു കുറഞ്ഞെന്നാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർക്ക് സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടർ അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ആടുകളുടെ എണ്ണത്തിൽ കുറവ് 41.21 ശതമാനം.
ഏപ്രിൽ 15ന് ആണ് സെൻസസിന്റെ ഫീൽഡ്‌തല പ്രവർത്തനങ്ങൾ അവസാനിച്ചത്. 2019ലെ 20-ാം സെൻസസ് ഡേറ്റയുമായി താരതമ്യം ചെയ്യുമ്പോൾ കന്നുകാലികളുടെയും ആടുകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളത്. ഓരോ ജില്ലയിലും 20 മുതൽ 42 വരെ ശതമാനമാണ് എണ്ണത്തിൽ കുറവ്. ഏറ്റവും കുറവുണ്ടായത് ഇടുക്കി ജില്ലയിൽ. 2019ൽ 97,395 ആയിരുന്നു പശുക്കളുടെ എണ്ണം. പുതിയ കണക്കിൽ 56,444 എണ്ണം. ആടുകൾ 2019ൽ 13,59,161 എണ്ണമുണ്ടായിരുന്നത് ഇപ്പോൾ 7,99,027 എണ്ണമായി കുറഞ്ഞു. ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ 50 ശതമാനത്തിനു മുകളിലാണ് ഇടിവ്.സംസ്‌ഥാനത്തെ ക്ഷീരമേഖലയുടെ നട്ടെല്ലായിരുന്ന ചെറുകിട കർഷകരാണ് പ്രധാനമായും രംഗം വിടുന്നത്. അധ്വാനത്തിന് ആനുപാതികമായി വരുമാനം കിട്ടാത്തതാണ് ഈ കൊഴിഞ്ഞുപോക്കിനു കാരണം. ഉൽപാദനച്ചെലവിന് ആനുപാതികമായ വില കർഷകർക്കു ലഭിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ ആടുമാടു കളുടെ എണ്ണം വീണ്ടും ഇടിയുമെന്നുള്ളതിൽ സംശയമില്ല.





