
നാദാപുരം: സ്വകാര്യ ബസിൽ പാലക്കാട്ടേക്ക് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി നാദാപുരം എക്സൈസ് സംഘത്തിന്റെ പിടിയിൽ.
മലപ്പുറം എടവണ്ണ പത്തപിരിയം സ്വദേശി തങ്കയത്തിൽ വീട്ടിൽ റിയാസ് ബാബു (42)നെയാണ് നാദാപുരം അസി എക്സൈസ് ഇൻസ്പെക്ടർ കെ.വി. മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനിച്ചിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ തലശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബസിൽ പിൻ സീറ്റിൽ ബാഗ് മടിയിൽ വച്ച് ഇരിക്കുകയായിരുന്ന റിയാസിനെ സംശയം തോന്നിയ എക്സൈസ് സംഘം ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽ രണ്ട് കവറിലാക്കി സൂക്ഷിച്ച നിലയിൽ നാല് കിലോ കഞ്ചാവ് കണ്ടെത്തിയത്. കാസർക്കോട് നിന്ന് പാലക്കാട് ഭാഗത്ത് വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു





