Kozhikode

അകാലത്തിൽ പൊലിഞ്ഞത് സൗമ്യനായ ജനകീയ നിയമപാലകൻ

Please complete the required fields.




താമരശ്ശേരി: സ്റ്റേഷനിലേക്ക് പരാതിയുമായെത്തുന്ന സാധാരണക്കാരെ സ്വീകരിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്നപരിഹാരം കാണാൻ ആത്മാർഥ ശ്രമം നടത്തിയ ജനകീയ എസ്.ഐ പൊതുജനങ്ങളോടും സഹപ്രവർത്തകരോടും തികഞ്ഞ മാന്യതയോടെയും വലിപ്പച്ചെറുപ്പമില്ലാതെയും പെരുമാറിയിരുന്ന അഴിമതിക്കറ പുരളാത്ത നിയമപാലകൻ, പരിചയപ്പെട്ടവർക്കെല്ലാം ഊഷ്മളമായ ആത്മബന്ധം തോന്നുന്ന സൗമ്യ വ്യക്തിത്വം. ഇതെല്ലാമായിരുന്നു കഴിഞ്ഞദിവസം ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച താമരശ്ശേരി പ്രിൻസിപ്പൽ എസ്.ഐ. വി.എസ്. സനൂജ്. വിദ്യാലയങ്ങളിൽ ലഹരിവിമുക്ത ബോധവത്കരണപ്രവർത്തനം സജീവമാക്കുന്നതിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയിരുന്ന സനൂജ്, കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയിൽ വിട്ടുവീഴ്ചയില്ലാത്ത കണിശത പുലർത്തി.

അഗ്നിരക്ഷാസേനയിലും എൽ.ഡി. ക്ലാർക്കായി സെയിൽടാക്സ് വകുപ്പിലും ജോലി ചെയ്തശേഷമാണ് സനൂജ് പോലീസ് സേനയുടെ ഭാഗമായത്. മാനന്തവാടി, കല്പറ്റ സ്റ്റേഷനുകളിൽ പ്രൊബേഷണറി എസ്.ഐ. ആയും പേരാമ്പ്ര സ്റ്റേഷനിൽ എസ്.ഐ. ആയും ജോലിചെയ്തശേഷം മാസങ്ങൾക്കുമുമ്പാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ.യായി ചുമതലയേറ്റത്. കോവിഡ് കാലത്ത് രണ്ടുമാസത്തോളം കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ട്രെയ്‌നി എസ്.ഐ.യായും പ്രവർത്തിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ അങ്കണത്തിലും കോവൂർ എം.എൽ.എ. റോഡിലെ വസതിയിലും പൊതുദർശനത്തിനുവെച്ച വി.എസ്. സനൂജിന്റെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെത്തി. അന്തിമോപചാരമർപ്പിച്ചു.

Related Articles

Leave a Reply

Back to top button