Kozhikode

താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതതടസ്സം

Please complete the required fields.




കോഴിക്കോട് :താമരശ്ശേരിയിൽ മരത്തടി കയറ്റി വരികയായിരുന്ന ലോറി ചുരമിറങ്ങവേ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞും ഇരുമ്പുകമ്പികളുമായി വരികയായിരുന്ന പതിനാറുചക്ര ലോറി ചക്രങ്ങൾതകർന്ന് വളവിൽകുടുങ്ങിയും താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതംതടസ്സപ്പെട്ടു. ബുധനാഴ്ചരാത്രി തുടങ്ങിയ ഗതാഗതതടസ്സത്തിന് വ്യാഴാഴ്ച വൈകീട്ടോടെ മാത്രമാണ് അൽപം ശമനമുണ്ടായത്. ബുധനാഴ്ച അർധരാത്രി മുതൽ പുലർച്ചെ രണ്ടുമണിവരെ ഇരുചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങൾക്കൊന്നും കടന്നുപോവാനാവാത്ത വിധത്തിൽ ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. രണ്ട് മണിയ്ക്കുശേഷം കാറുകളും ഇടത്തരം വാഹനങ്ങളും കടന്നുപോയെങ്കിലും പുലർച്ചെ നാലരയ്ക്ക് ശേഷം മാത്രമാണ് ചുരത്തിൽക്കുടുങ്ങിയ വലിയ വാഹനങ്ങൾക്ക് പോകാനായത്. കുരുക്ക് അഴിക്കാൻ അടിവാരത്ത് പോലീസ് തടഞ്ഞിട്ട ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളാവട്ടെ രാവിലെ ഏഴു മണിയോടെയാണ് ചുരത്തിലേക്ക് കടത്തിവിട്ടത്. രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പലർക്കും ചുരംപാത താണ്ടാനായത്.

രാപകൽ ഭേദമെന്യെ ചുരംപാതയിൽ സജീവമായ പോലീസ്, ചുരം ഗ്രീൻബ്രിഗേഡ് പ്രവർത്തകർ, ചുരംസംരക്ഷണസമിതിയംഗങ്ങൾ, യാത്രക്കാർ എന്നിവർ ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. എസ്‌ഐ ടി.സി. ഷാജിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും, എസ്‌ഐ ജെയ്‌സൺ ദേവസ്യയുടെ നേതൃത്വത്തിൽ ഹൈവേ പോലീസും, എസ്‌ഐ വിശ്വന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്‌പോസ്റ്റ് പോലീസും, എസ്‌ഐ മനോജിന്റെ നേതൃത്വത്തിൽ സബ്ഡിവിഷൻ സ്ട്രൈക്കർ സംഘവും സ്ഥലത്തെത്തി.

മരത്തടികളുമായി വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി ബുധനാഴ്ചരാത്രി പത്തേമുക്കാലോടെ ആറ്്‌, ഏഴ് ഹെയർപിൻ വളവുകൾക്കിടയിൽ മറിഞ്ഞതായിരുന്നു ഗതാഗതതടസ്സത്തിന് തുടക്കമിട്ടത്. ലോറി മറിഞ്ഞുകിടന്നതോടെ ഒറ്റവരിയായി മാത്രമാണ് ഗതാഗതം സാധ്യമായത്. ക്രെയ്ൻ എത്തിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ലോറിയിലുണ്ടായിരുന്ന മരത്തടികൾ മറ്റൊരു ലോറിയിലേക്ക് കയറ്റിയത്. അതിനുശേഷമാണ് വൈകീട്ടോടെ ലോറി ഉയർത്തിമാറ്റിയത്.

Related Articles

Back to top button