
നാദാപുരം : ലഹരിക്കെതിരേ കോഴിക്കോട് റൂറൽ പോലീസിന്റെ നേതൃത്വത്തിൽ നാദാപുരത്ത് നടത്തിയ ഡിഐജി കപ്പ് വടംവലിമത്സരം ജനകീയപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടി. വടംവലി മത്സരത്തിൽ കാസർകോട്, കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, വയനാട്, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് ടീം പങ്കെടുത്തു.
മഴമൂലം മത്സരത്തിന് ഇടവേള നൽകിയെങ്കിലും പരിപാടി വീക്ഷിക്കാൻ വൻജനാവലി നാദാപുരം ടൗണിൽ പ്രത്യേകം സജ്ജമാക്കിയ മൈതാനത്തിൽ എത്തിയിരുന്നു. വടംവലിമത്സരത്തിൽ കാസർകോട് ടീം വിജയിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ഡിഐജി യതീഷ്ചന്ദ്ര നിർവഹിച്ചു. മയക്കുമരുന്നുസംഘത്തെ നേരിടാനുള്ള പ്രവർത്തനം ഒരു മനസ്സോടെ നാം ഒന്നിച്ച് നടത്തണമെന്നും അതിലൂടെമാത്രമേ ഈ വിപത്തിനെ തടയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷനായി. റൂറൽ എസ്‌പി കെ.ഇ. ബൈജു, ഡിവൈഎസ്‌പി എ.പി. ചന്ദ്രൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി. മുഹമ്മദലി, സുധ സത്യൻ, പി. സുരയ്യ, അബ്ദുസലാം, കെ.പി. പ്രദീഷ്, ജ്യോതിലക്ഷ്മി, വാർഡ് അംഗം കണേക്കൽ അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു.





