Kerala

സ്വിഫ്റ്റില്‍ ഇനി വനിതാ ഡ്രൈവര്‍മാർക്കും അവസരം; നിയമനം കര്‍ശന വ്യവസ്ഥകളോടെ

Please complete the required fields.




തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർമാരായി ഇനി വനിതകളെയും നിയമിക്കും. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുത ബസുകളിലേക്കാകും നിയമനം. 400 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. വനിതകൾക്ക് ശേഷമുള്ള ഒഴിവുകളാകും പുരുഷന്മാർക്ക് നൽകുക. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ എത്തുന്ന വൈദ്യുതബസുകളിലേക്കാണ് പുതിയ ഡ്രൈവർമാരെ വേണ്ടത്. ഒമ്പതുമീറ്റർ നീളമുള്ള ചെറിയ ബസുകളാണ് നഗരത്തിൽ ഉപയോഗിക്കുന്നത്. മാതൃസ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ വനിതാ കണ്ടക്ടർമാർ ഏറെയുണ്ടെങ്കിലും ഡ്രൈവർമാർ വിരളമാണ്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ ഒഴിവാക്കി സി.എം.ഡിക്കാണ് തിരഞ്ഞെടുക്കൽ ചുമതല നൽകിയിട്ടുള്ളത്. ഇതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

കർശന വ്യവസ്ഥകളോടെയാണ് നിയമനം. രാവിലെ 5 മുതൽ രാത്രി 10 വരെ വിവിധ ഡ്യൂട്ടികളിൽ ജോലി ചെയ്യേണ്ടിവരും. ഹെവി ഡ്രൈവിങ് ലൈസൻസുള്ളവർക്കും ഹെവി ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും നിയമനസാധ്യതയുണ്ട്. ഹെവി ലൈസൻസില്ലാത്തവർക്ക് കെ.എസ്.ആർ.ടി.സി ഒരുമാസം പരിശീലനം നൽകും. ഇത്തരത്തിൽ നിയമനം നേടുന്നവർ 12 മാസം തുടർച്ചയായി ജോലി ചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി നിർബന്ധമാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ 30,000 രൂപ സുരക്ഷാ നിക്ഷേപം നൽകണം. മാസം മിനിമം ഡ്യൂട്ടി ചെയ്യാത്തവരിൽനിന്ന്‌ ഈ തുക നഷ്ടപരിഹാരമായി ഈടാക്കും. ഒരുമാസത്തെ പരിശീലനത്തിനുശേഷം ഹെവി ലൈസൻസ് നേടാൻ കഴിയാത്തവർക്കും സുരക്ഷാനിക്ഷേപം നഷ്ടമാകും. 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും ലഭിക്കും. അധികം ജോലിചെയ്യുന്ന ഒാരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും. ബസ് വൃത്തിയായി സൂക്ഷിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, ടയർ പഞ്ചറായാൽ മാറ്റിയിടാൻ കണ്ടക്ടറെ സഹായിക്കുക തുടങ്ങി കർശന വ്യവസ്ഥകളോയാണ് നിയമനം. യാത്രക്കാരോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാൽ നോട്ടീസ് നൽകാതെ പിരിച്ചുവിടും

Related Articles

Leave a Reply

Back to top button