
കണ്ണൂർ: കേരളത്തിലേക്ക് ബെംഗളൂരുവിൽനിന്ന് കടത്തുകയായിരുന്ന 29 ഗ്രാം എം.ഡി.എം.എ.യുമായി ഒളവിലം സ്വദേശി വി.കെ. ജാസിമിനെ (33) കൂത്തുപറമ്പ് എക്സൈസ് സംഘം പിടിച്ചു.
കൂത്തുപറമ്പ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ നടത്തിയ വാഹനപരിശോധക്കിടെയാണിത്. ബെംഗളൂരുവിൽനിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിൽനിന്നാണ് ഇയാൾ പിടിയിലായത്.
എം.ഡി.എം.എ. കൈവശം വച്ചതിന് ജാസിമിനെതിരേ ജനുവരിയിൽ കൂത്തുപറമ്പ് എക്സൈസ് ഓഫീസിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളാണ് ജാസിമെന്ന് എക്സൈസ് സംഘം പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, പ്രിവന്റീവ് ഓഫീസർ അശോകൻ കല്ലോറാൻ, പ്രിവന്റീവ് ഓഫീസർ പി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. റോഷിത്ത്, എം. ബിജേഷ്, എ.എം. ബിനീഷ്, എക്സൈസ് കമ്മഡിഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, എം.കെ. പ്രസന്ന എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.





