Thiruvananthapuram

വഴങ്ങി സർക്കാർ; ആശാവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു

Please complete the required fields.




തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. ആശാ സമരത്തിന്‍റെ വിജയമാണെന്നും സമര സമിതി അറിയിച്ചു.നേരത്തെ ആരോഗ്യ വകുപ്പ് സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു.

ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിൽ നിന്നായി എത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നത്.സർക്കാർ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്കരിച്ചാണ് ആശമാർ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുത്തത്. രാവിലെ 10 മണിയോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ ആശമാർ പ്രതിഷേധവുമായി സമര ഗേറ്റിലേയ്ക്ക് നീങ്ങി. തുടർന്ന് റോഡിലിരുന്നും കിടന്നും പ്രതിഷേധം തീർത്തായിരുന്നു നിയമ ലംഘന സമരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവർ ഉപരോധത്തിൽ ഐക്യദാർഢ്യവുമായി എത്തി. സെക്രട്ടറിയേറ്റ് പരിസരം പുലർച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാൽ അടച്ചു പൂട്ടിയിരുന്നു.

Related Articles

Back to top button