Kozhikode

ക്രൂരതയുടെ തുടക്കം യാത്രയയപ്പ്‌ പരിപാടി, മർദ്ദനം നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോ​ഗിച്ച്, സംഘർഷം കലാശിച്ചത് മരണത്തിൽ

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി ട്യൂഷൻ സെന്ററിലെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കമാണ്‌ വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്‌.

ഞായറാഴ്ചത്തെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം. വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന്‌ പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട്‌ റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്.

അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു.വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക്‌ മാറ്റുകയായിരുന്നു.
ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button