
കോഴിക്കോട് : താമരശ്ശേരി നിറയെ യാത്രക്കാരുമായി ചുരമിറങ്ങുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻവശം കൊടുംവളവിൽ റോഡരികിലെ സംരക്ഷണഭിത്തിയിൽ ഉടക്കി നിന്നുപോയതോടെ താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ താമരശ്ശേരി ചുരം ആറാം ഹെയർപിൻവളവിലാണ് സംഭവം.
സുൽത്താൻ ബത്തേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സാണ് വളവിൽ കുടുങ്ങിയത്. മുൻഭാഗത്തെ അടിവശം സംരക്ഷണഭിത്തിയിൽ തട്ടി കുടുങ്ങിയതോടെ ബസ് പിന്നോട്ടെടുക്കാനാവാതെ വളവിൽ അകപ്പെടുകയായിരുന്നു.
വാഹനത്തിന്റെ റിവേഴ്‌സ് ഗിയർ സ്തംഭിക്കുകയുംചെയ്തു. ഇതേത്തുടർന്ന് വലിയ വാഹനങ്ങൾക്ക് ക്ലേശിച്ചാണ് കടന്നുപോവാനായത്. ബസ് മാറ്റുന്നത് വരെ ആറാംവളവിൽ ഒറ്റവരിയായി മാത്രം വാഹനങ്ങൾ സഞ്ചരിച്ചതിനാൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ചുരംപാതയിൽ അനുഭവപ്പെട്ടത്.
വളവിന് ഇരുഭാഗത്തുമായി രണ്ടാംവളവ് മുതൽ ലക്കിടി വരെ ഒരു ഘട്ടത്തിൽ ഗതാഗതകുരുക്കിൽ കുടുങ്ങിയ വാഹനനിരയുടെ ദൈർഘ്യം നീണ്ടു. എട്ടരയോടെയാണ് ഒരു ടിപ്പർലോറിയെത്തിച്ച് കയർ കെട്ടിവലിച്ച് ബസ് വളവിൽ നിന്ന് മാറ്റിയത്. വരിയിൽ കാത്ത് കിടന്ന വാഹനങ്ങളുടെ ബാഹുല്യം കാരണം ബസ് മാറ്റിയിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ചുരംപാതയിലെ ഗതാഗതം പഴയ പടിയായത്. എസ്.ഐ. ഇ.ജെ. ബെന്നിയുടെ നേതൃത്വത്തിൽ അടിവാരം ഔട്ട്‌പോസ്റ്റ് പോലീസും, ചുരംസംരക്ഷണ സമിതിയംഗങ്ങളും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.