Idukki

വീടിനു മുകളിലേക്ക് പാറക്കല്ല് വീണു: ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് അത്ഭുത രക്ഷ, വിദ്യാർത്ഥിനിക്ക് പരിക്ക്

Please complete the required fields.




ഇടുക്കി: കല്ലാറിൽ വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ വട്ടിയാറിലാണ് വീടിനു മുകളിലേക്ക് പാറക്കല്ലുകള്‍ പതിച്ച് അപകടം സംഭവിച്ചത്. രാത്രിയിലാണ് സംഭവം നടന്നത്.

വീടിന് മുകള്‍ ഭാഗത്തെ ഏലത്തോട്ടത്തില്‍ നിന്നും വലിയ പാറക്കല്ല് ഉരുണ്ട് പാറേക്കാട്ടില്‍ അജീഷിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അജീഷും ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അപകടത്തില്‍ അനീഷിന്റെ മൂത്ത മകള്‍ അഞ്ജലിക്കാണ് പരിക്കേറ്റത്. വലിയ പാറ ഉരുണ്ടു വന്ന് പതിച്ചതിനെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായി തകര്‍ന്നു. കല്ല് വന്ന് പതിച്ച മുറിയിലിരുന്ന് പഠിക്കുകയായിരുന്നു അഞ്ജലി. വീടിന്റെ ഇഷ്ടികയും മറ്റും കുട്ടിയുടെ ശരീരത്ത് പതിച്ചാണ് പരിക്ക് സംഭവിച്ചത്.
ഉടന്‍ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അജീഷും ഭാര്യയും മറ്റ് കുട്ടികളും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. വീട്ട് ഉപകരണങ്ങളും നശിച്ചു. വീടിന്റെ കുറച്ച് ഭാഗം മാത്രമാണ് നിലം പതിക്കാതെ അവശേഷിക്കുന്നത്. റവന്യു വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കല്ല് അടര്‍ന്ന് വന്ന ഭാഗത്ത് വേറെയും പാറക്കല്ലുകള്‍ അപകടാവസ്ഥ സൃഷ്ടിച്ച് നില്‍ക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇവ താഴേക്ക് പതിക്കുന്ന സ്ഥിതിയുണ്ടായാല്‍ അപകടത്തിന് ഇടവരുത്തും.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവരുടെ കുടുംബത്തിന് സ്കൂൾ അധികൃതരുടെ സഹായത്തോടെയാണ് ഷീറ്റ് മേഞ്ഞ വീട് ഒരുക്കിയിരുന്നത്. ആ വീടാണ് അപകടത്തിൽ പൂർണ്ണമായും നശിച്ചത്.

Related Articles

Back to top button