
കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ പുല്ലാഞ്ഞിമേട് അമ്പോക്കിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് യന്ത്രഭാഗങ്ങളും മറ്റും സൂക്ഷിച്ച കെട്ടിടനമ്പർ ലഭിക്കാത്ത അമ്പോക്കിലെ ഒരു കെട്ടിടത്തിനുസമീപം ഒരു ടിപ്പർലോറിയിലും ഒരു മിനി പിക്കപ്പ് വാനിലുമായി മാലിന്യമെത്തിച്ചത്. ജനവാസമേഖലയിൽ തുടർച്ചയായി അനധികൃത മാലിന്യസംഭരണം നടത്തിയതിനെത്തുടർന്ന് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി അടപ്പിച്ച പരപ്പൻപൊയിലിലെ ഗോഡൗൺ കെട്ടിടത്തിൽ നിന്നും, കോഴിക്കോട് നഗരത്തിൽനിന്നുമാണ് മാലിന്യങ്ങൾ രണ്ട് വാഹനങ്ങളിലായി അമ്പോക്കിൽ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. കോഴിക്കോട് നഗരത്തിലെ ഒരു മാളിൽനിന്നുള്ള മാലിന്യമായിരുന്നു വാഹനങ്ങളിലുണ്ടായിരുന്നത്.
ഇതിൽ ടിപ്പർലോറിയിലെത്തിച്ച മാലിന്യം തട്ടിത്തുടങ്ങിയസമയത്താണ് സംഭവം പ്രദേശവാസികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടതും അവർ സംഘടിച്ച് വാഹനം തടഞ്ഞതും. നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് മിനി പിക്കപ്പ് വാനിലെത്തിച്ച മാലിന്യം പ്രദേശത്ത് ഇറക്കിയില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ബേബി രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം വി.പി. സുരജ, അസി. സെക്രട്ടറി പി.വി. ശ്രീകുമാർ, ഹെഡ്ക്ലാർക്ക് രഞ്ജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. റസീന, വി.ഇ.ഒ. സുരേഷ്, ഓവർസിയർ സിജിൻ, ഡ്രൈവർ യു.കെ. അബിൻ, എന്നിവരും, എസ്.ഐ. ആർ.സി. ബിജുവിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും സ്ഥലത്തെത്തി.
പഞ്ചായത്ത് അധികൃതരും പോലീസും നിർദേശിച്ചതനുസരിച്ച് ടിപ്പർ ലോറിയിൽനിന്ന് പ്രദേശത്തുതട്ടിയ മാലിന്യങ്ങൾ തിരികെ ലോറിയിലേക്കുതന്നെ മാറ്റിക്കയറ്റി. മാലിന്യമെടുത്ത സ്ഥലത്തുതന്നെ നിക്ഷേപിച്ച് വാഹനങ്ങൾ സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശംനൽകുകയും ചെയ്തു. സംഭവത്തിൽ അനധികൃത മാലിന്യനിക്ഷേപത്തിന് പിഴയീടാക്കുമെന്ന് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്നവിധത്തിൽ അനധികൃത മാലിന്യനിക്ഷേപം നടത്തിയതിന് നിയമനടപടിയാവശ്യപ്പെട്ട് പഞ്ചായത്തധികൃതർ താമരശ്ശേരി പോലീസിൽ പരാതിനൽകുകയും ചെയ്തു.





