Thiruvananthapuram

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ വിധിയറിയാന്‍ വൈകും; ശിക്ഷാവിധി ഇന്നില്ല

Please complete the required fields.




തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നുണ്ടായേക്കില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.
വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷസംബന്ധിച്ച വാദം കോടതി കേള്‍ക്കും. പ്രോസിക്യൂഷനും തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അവസരം നല്‍കിയേക്കും.

ആണ്‍സുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് ശിക്ഷ വിധിക്കുന്നത്.

ഗ്രീഷ്മയ്‌ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അമ്മ സിന്ധുവിനെ വെറുതേവിട്ടത്. സൈനികനുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്യുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Related Articles

Back to top button