സ്വര്‍ണ വിലയില്‍ വന്‍ട്വിസ്റ്റ്; വീണ്ടും കുതിക്കുന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി

തിരുവനന്തപുരം : ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി സ്വര്‍ണ വില. ചൊവ്വാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന പവന് 600 രൂപയാണ്.ഇതോടെ സ്വര്‍ണ വില 57,640 രൂപയിലെത്തി. ഗ്രാമിന് 75 രൂപയുടെ കൂടി 7,205 രൂപയിലെത്തി.
ഡിസംബറിലെ ഉയര്‍ന്ന നിലവാരമാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.ഇതോടെ കേരളത്തില്‍ ഒരു പവന്‍ വാങ്ങാനുള്ള ചിലവ് 65,000 രൂപ കടന്നു. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ 65,350 രൂപയോളം നല്‍കണം.സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്.സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്.
ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.





