Kozhikode

ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്ന് ചോർന്ന ഡീസലിന്റെ ഗന്ധം; ഉറക്കമിളച്ച് പ്രദേശവാസികൾ

Please complete the required fields.




എലത്തൂർ : ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽനിന്ന് ചോർന്ന ഡീസലിന്റെ ഗന്ധം വ്യാഴാഴ്ച രാത്രിപെയ്ത മഴയിൽ രൂക്ഷമായതോടെ വീട്ടിൽ ഉറങ്ങാതെ നേരംവെളുപ്പിച്ച്‌ ഒട്ടേറെ കുടുംബങ്ങൾ. പടന്നയിൽ, അഴീക്കൽ, മാട്ടുവയൽ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് കടുത്ത ആശങ്കയിലായത്. വെള്ളിയാഴ്ച രാവിലെയും സമാനമായ അവസ്ഥയാണുണ്ടായതെന്ന്‌ പ്രദേശവാസികൾ പറയുന്നു.

പടന്നയിൽ പ്രദേശത്ത് 60-ലേറെ കുടുംബങ്ങളും അഴീക്കൽ, മാട്ടുവയൽ മേഖലയിൽ 300-ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. രാത്രി ഒൻപതിനും പത്തിനും ഇടയിൽ പെയ്ത മഴയിലാണ് ഡീസൽഗന്ധം രൂക്ഷമായത്. വീടിന്റെ ജനവാതിലുകൾ തുറക്കാൻപോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് പ്രദേശവാസി വി.ടി. സുരേഷ് ബാബു പറഞ്ഞു. മാട്ടുവയൽ-അഴീക്കൽ തോട് കടന്നുപോകുന്ന മേഖലയാണിത്. എച്ച്.പി.സി.എലിന്റെ സമീപത്തുള്ള ഓവുചാൽ തോടുമായി ബന്ധിക്കുന്നുണ്ട്. ഈ ഓവുചാലിലൂടെയാണ് എച്ച്.പി.സി.എൽ. സംഭരണിയിലെ ഡീസൽ ഒഴുകിപ്പോയത്. ഒട്ടേറെപ്പേർക്ക് ശ്വാസതടസ്സമുണ്ടായതായി പരാതി ഉയർന്നിട്ടുണ്ടെന്ന്‌ സ്ഥലം കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ പറഞ്ഞു.

മേഖലയിൽ വെള്ളിയാഴ്ച രാവിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടന്നെങ്കിലും ശാരീരിക അസ്വസ്ഥകൾ ഇനിയും വിട്ടുമാറിയിട്ടില്ലെന്നാണ് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച പെയ്ത മഴയിൽ ജലാശയങ്ങളിൽ കെട്ടിക്കിടന്ന ഡീസൽ ഒഴുകിപ്പോയിരുന്നു. പക്ഷേ, ഡീസലിന്റെ ഗന്ധം കൂടുതൽപ്രദേശങ്ങളിലേക്ക് പടർന്നതിനാൽ രാവിലെ വീടുകളുടെ വാതിലും ജനലും അടച്ചിടേണ്ട അവസ്ഥയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button