
കോഴിക്കോട് : കോട്ടൂളി തണ്ണീർത്തടം നികത്താനുള്ള ശ്രമങ്ങൾക്കെതിരേ ജനകീയപ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, സരോവരത്ത് തണ്ണീർത്തടത്തോടുചേർന്ന സ്ഥലത്ത് വാഹനത്തിലെത്തിച്ച് മാലിന്യംതള്ളാൻ ശ്രമം. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ മാലിന്യംതള്ളാനെത്തിയവരുടെ നാലുമണിക്കൂർനീണ്ട ‘നാടകം’. ഒടുവിൽ വാഹനം റവന്യുവകുപ്പ് കസ്റ്റഡിയിലെടുത്തു. വാഹനം കൊണ്ടുപോകാൻ ഡ്രൈവറില്ലെന്നുപറഞ്ഞ് മാലിന്യംതള്ളാനെത്തിയവർ മണിക്കൂറുകളോളം നടപടിക്രമങ്ങൾ വൈകിപ്പിച്ചു.
കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ പ്രദേശത്ത് വാഹനത്തിൽ മരച്ചില്ലകളും ചപ്പുചവറുകളുമെല്ലാമടങ്ങിയ മാലിന്യംതള്ളാൻ വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് വാഹനമെത്തിയത്. മാലിന്യമിടുന്നതുകണ്ട പ്രദേശവാസികൾ റവന്യു ഉദ്യോഗസ്ഥരെയും പോലീസിനെയും അറിയിച്ചു. നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ ഇതിനുസമീപത്തുള്ള സ്ഥലത്തേക്ക് വാഹനം മാറ്റിയിട്ടു. അതിനിടെ പോലീസും ഉദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തി. നവംബർ 21-ന് കോട്ടൂളി വാഴത്തിരുത്തി മേഖലയിൽ മണ്ണുമാന്തിയന്ത്രമെത്തിക്കുകയും കണ്ടൽച്ചെടികൾ വെട്ടുകയും ചെയ്തവർതന്നെയാണ് ഇവിടെയുമെത്തിയത്.
രേഖപ്രകാരം സ്ഥിരംപുഞ്ചയായ ഭൂമി കരട് ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ ലംഘനമായതിനാൽ വാഹനം കസ്റ്റഡിയിലെടുക്കാനും ഉദ്യോഗസ്ഥർ തീരുമാനിച്ചു. എന്നാൽ, വാഹനത്തിന്റെ ഡ്രൈവറില്ലെന്നും താക്കോൽ അവരുടെ കൈയിലാണെന്നും പറഞ്ഞ് രണ്ടുമണിക്കൂറോളമാണ് മാലിന്യം നിക്ഷേപിക്കാനെത്തിയവർ നടപടി വൈകിപ്പിച്ചത്. സംഭവംനടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ പ്രതിഷേധത്തിനിടെ ഇവിടെനിന്ന് പോവുകയായിരുന്നു. ഡ്രൈവറെത്തിയില്ലെങ്കിൽ ക്രെയിനുപയോഗിച്ച് വാഹനം കൊണ്ടുപോകുമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
അതോടെ ഡ്രൈവർ സ്ഥലത്തെത്തുകയും മൂന്നരയോടെ കസ്റ്റഡിയിലെടുത്ത വാഹനം കോഴിക്കോട് താലൂക്ക് ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അതിനിടെ വാഹനത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കുകെട്ട് ഉദ്യോഗസ്ഥർ കാണാതെ മാലിന്യംതള്ളാനെത്തിയവർ നീക്കിയിരുന്നു. വാഴത്തിരുത്തിയിലെ തണ്ണീർത്തടത്തിലെത്തിച്ച മണ്ണുമാന്ത്രിയന്ത്രം താലൂക്ക് ഓഫീസിലെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.





