
കൊല്ലം: ക്ഷേത്രത്തിൽ നിത്യപൂജക്കായി ഏൽപിച്ച സ്വർണാഭരണം പണയംവെക്കുകയും വിൽക്കുകയും ചെയ്ത ശാന്തിക്കാരൻ അറസ്റ്റിൽ. തൃക്കടവൂർ വൈഷ്ണവം വീട്ടിൽ കെ. ഗോപകുമാറിനെയാണ് (44) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത് .
വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഇയാൾ 2021 ജൂൺ മുതൽ പല ദിവസങ്ങളിലായി ദേവീവിഗ്രഹത്തിൽ ചാർത്തി നിത്യപൂജ നടത്തുന്നതിനായി ഏൽപിച്ച സ്വർണാഭരണം ചാർത്താതെ വിൽക്കുകയും പണയം വെക്കുകയും ആയിരുന്നു.
ദേവി വിഗ്രഹത്തിൽ താലി ആഭരണം ചാർത്തി കാണാത്തത്തിൽ സംശയം തോന്നിയ അഡ്വൈസറി കമ്മിറ്റി സെക്രട്ടറി തുടർന്ന് തിരുവിതാംകൂർ സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഗ്രൂപ്പ് ഓഫിസറെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായത് കണ്ടെത്തിയത് .
തുടർന്ന് തിരുവിതാംകൂർ സബ് ഗ്രൂപ്പ് ഓഫിസറായ കൃഷ്ണകുമാർ നൽകിയ പരാതിയിൽ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ 27 ഗ്രാം വരുന്ന ആഭരണങ്ങൾ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസ്, എസ്.ഐമാരായ ഷാജഹാൻ, വിനോദ്, പ്രദീപ്, ദിലീപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





