പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്
പത്തനംതിട്ട : ശബരിമലയില്‍ പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസുകാര്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി.എ.ഡി.ജി.പി , ഡി.ഐ.ജി എന്നിവര്‍ ഉടന്‍ എസ് എ പി ക്യാമ്പിലെത്തും. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്തത്.സംഭവം വിവാദമായതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര മീറ്റിംഗ് ചേരുന്നുണ്ട്.
ശബരിമല ഡ്യൂട്ടിക്ക് ശേഷം ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിച്ചിരുന്നു. ഇവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി തിരികെ വിളിച്ചിരിക്കുന്നത്.മേല്‍ശാന്തി ഉള്‍പ്പെടെ എല്ലാവരും അയ്യപ്പനെ തൊഴുത് പിന്നോട് നടന്നിറങ്ങുന്നതാണ് ആചാരം. എന്നാല്‍ പൊലീസുകാര്‍ അയ്യപ്പന് പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.പിന്നാലെ പരസ്യ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് കേരള ഘടകവും രംഗത്തെത്തി.
സംഭവത്തില്‍ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സന്നിധാനം സ്‌പെഷ്യല്‍ ഓഫിസര്‍ കെ ഇ ബൈജുവിനോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട് നടന്നത്.ഫോട്ടോഷൂട്ടിന് പൊലീസുകാര്‍ക്ക് ഒത്താശ നല്‍കിയത് മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് വിമര്‍ശിച്ചു.