Thrissur

ഉറക്കത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകൾ, വലിയ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കണ്ടത് ദാരുണമായ കാഴ്ച

Please complete the required fields.




തൃശൂർ : അതിരാവിലെ നാട്ടികയിലെ പ്രദേശവാസികൾ കണ്ടത് ദാരുണമായ കാഴ്ചകളാണ് . ഇന്ന് പുലർച്ചെ നാലേകാലോടെ വലിയ നിലവിളി കേട്ടാണ് നാട്ടുകാർ നിർമാണം നടക്കുന്ന ഹൈവേയിലേക്ക് ഓടിയെത്തിയത്.
വാഹനം വരില്ലെന്ന് ഉറപ്പായിരുന്ന സ്ഥലത്ത് നാടോടി സംഘാംഗങ്ങൾ മരിച്ചു കിടക്കുന്നത് കണ്ട പ്രദേശവാസികൾ ആദ്യം ഞെട്ടി. മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.വെളിച്ചക്കുറവ് മൂലം എത്ര പേർ മരിച്ചുവെന്ന് പോലും വ്യക്തമായില്ല. ഉടൻ തന്നെ വലപ്പാട് പൊലീസിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹങ്ങൾ റോ‍ഡിൽനിന്ന് വലിച്ചെടുക്കേണ്ട നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരുക്കേറ്റ് കിടന്നിരുന്ന ആറു പേരുടെ നിലയും അതീവ ഗുരുതരമായിരുന്നു.പലർക്കും അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു. തൃപ്രയാർ ഏകാദശി നടക്കുന്നതിനാൽ സമീപത്തെ ഗ്രൗണ്ടിൽ പാർക്കിങ് അനുവദിച്ചിരുന്നു. ഇതോടെയാണ് സംഘം ഹൈവേയിലേക്ക് താമസം മാറിയത്.റോഡിലേക്ക് വാഹനം കയറാതിരിക്കാൻ കൃത്യമായ ദിശാ സൂചനകളും അധികൃതർ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ തെങ്ങിൻ തടികൾ വച്ചും കോൺക്രീറ്റ് ബാരിക്കേഡ് വച്ചും ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് ലോറി നാടോടി സംഘത്തിന് ഇടയിലേക്ക് പാഞ്ഞു കയറിയത്.

റോഡിൽ ചോറ്റുപാത്രവും ബാഗും ബക്കറ്റുമെല്ലാം ചിതിറത്തെറിച്ച നിലയിലാണ്. രാവിലെയായിട്ടും മൃതദേഹങ്ങൾ പൂർണമായും നീക്കാൻ സാധിച്ചിട്ടില്ല.പലതും തുണിയിട്ട് മൂടിയ നിലയിലാണ്. ഇത്രയും വലിയ അപകടം നാട്ടികക്കാർ അടുത്തിടെയൊന്നും കണ്ടിട്ടില്ല. അത്രയ്ക്കും ഭീതികരമായിരുന്നു അവിടത്തെ കാഴ്ചകൾ.അതേസമയം മരിച്ച നാടോടി സംഘത്തിൽപ്പെട്ടവർ പാലക്കാട് മീങ്കര ചെമ്മണത്തോട്ട് സ്വദേശികളാണ്. ഇവരെന്നും കാലങ്ങളായി തൃപ്രയാർ നാട്ടിക ഭാഗങ്ങളിലാണ് ഇവർ താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു. അഞ്ചു പേർ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു . ഏഴുപേർക്കാണ് പരിക്കേറ്റത് .

Related Articles

Back to top button