തിരുവനന്തപുരം: ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.