വയനാട്: ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കേരളം സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെ 199 റണ്‍സിന് പരാജയപ്പെടുത്തി.കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആവേശം നിറഞ്ഞ അവസാന ദിനം വരുണ്‍ നയനാരിന്റെ വെടിക്കെട്ട് ബാറ്റിങ്ങും പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുമാണ് ജയത്തിന് വഴിയൊരുക്കിയത്.
ഇതാദ്യമായാണ് സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ കേരളം വിജയം സ്വന്തമാക്കുന്നത്.
നേരത്തെ 11 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം തമിഴ്‌നാടിന് ഒപ്പമായിരുന്നു. മൂന്ന് മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു.ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 248/8-ന് ഡിക്ലയര്‍ ചെയ്ത് തമിഴ്‌നാടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.എന്നാല്‍, 358 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ തമിഴ്‌നാടിന്റെ ബാറ്റിങ്‌നിരയ്ക്ക് പവന്‍ രാജിന്റെ കരുത്തുറ്റ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 158 ന് പുറത്തായി.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി തമിഴ്‌നാടിനെ വിറപ്പിച്ച പവന്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ താരം 13 വിക്കറ്റുകളാണ് കളിയില്‍ സ്വന്തമാക്കിയത്.തമിഴ്‌നാടിന്റെ ഓപ്പണര്‍ ആര്‍.വിമല്‍(37),സണ്ണി(31) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.മൂന്നിന് 90 റണ്‍സെന്ന നിലയില്‍ അവസാന ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിനായി ഒരു സിക്‌സും 13 ഫോറുമുള്‍പ്പെടെയാണ് വരുണ്‍ 112 റണ്‍സെടുത്തത്. ആദ്യ ഇന്നിങ്‌സിലും വരുണ്‍ (113) സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു.രോഹന്‍ നായര്‍(58) അര്‍ദ്ധ സെഞ്ച്വറിയും നേടി. അഖിന്‍ രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീണ്‍ ഒരു വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സില്‍ ഇരുവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു. വരുണ്‍, കാമില്‍ എന്നിവരുള്‍പ്പെടെ നാല് വിക്കറ്റെടുത്ത വിഗ്നേഷാണ് തമിഴ്‌നാടിന്റെ ബൗളിങ് നിരയില്‍ തിളങ്ങിയത്.