താൽക്കാലിക ആശ്വാസം; യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസ്, നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും
ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി. രണ്ടാഴ്ചക്ക് ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇടക്കാല ജാമ്യവും തുടരും.ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയിൽ സർക്കാർ വാദിച്ചു.അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നുണ്ടോയെന്ന ചോദ്യം കോടതിയിൽ നിന്നും ഉണ്ടായി. ഇതിന് മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ, പ്രധാനപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യത്തോടുള്ള സർക്കാറിന്റെ മറുപടി.എന്നാൽ, 2016ൽ താൻ ഉപയോഗിച്ച ഐഫോണാണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നതെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചു. കേസിൽ പരാതി നൽകാൻ വൈകിയതിനെ കുറിച്ച് ഇന്നും സുപ്രീംകോടതിയിൽ നിന്നും ചോദ്യമുണ്ടായി.
2016ൽ മസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയിലാണ് കേസ്. പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്.
സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തി.