Kozhikode

വധുവിന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു; അങ്ങനെ കല്യാണവും ഓൺലൈനായി

Please complete the required fields.




മേപ്പയൂർ: വരൻ ന്യൂസീലൻഡിലെ ഓഫിസിൽ കംപ്യൂട്ടറിനു മുൻപിലിരുന്നു. വധു മേപ്പയൂർ സബ് റജിസ്ട്രാർ ഓഫിസിൽ മൊബൈൽ ഫോണിലേക്കു നോക്കിയിരുന്നു. കംപ്യൂട്ടർ സ്ക്രീനിലെ ഗൂഗിൾമീറ്റിലൂടെ സബ് റജിസ്ട്രാർ വധൂവരന്മാരോട് സമ്മതം ചോദിച്ചു. രണ്ടു വൻകരകളിലിരുന്ന് രണ്ടു പേരും തലകുലുക്കി. കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകൻ സൻജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടിൽ (കൃഷ്ണാ നിവാസ്) പരേതനായ പത്മനാഭൻ നമ്പ്യാരുടെ മകൾ മഞ്ജുവും അങ്ങനെ ഓൺലൈനിൽ വിവാഹിതരായി. 

ഐടി രംഗത്തു ജോലി ചെയ്യുന്ന സൻജിത്തിനു ന്യൂസീലൻഡിലെ കോവിഡ് യാത്രാവിലക്ക് മൂലം വിവാഹത്തിനു നാട്ടിലെത്താൻ കഴിയാതിരുന്നതിനെ തുടർന്നാണു ഹൈക്കോടതിയുടെ അനുമതിയോടെ ഓൺലൈനിൽ വിവാഹ റജിസ്ട്രേഷൻ നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണു വിവാഹം. കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും യാത്രാവിലക്ക് നീക്കിയിട്ടും ന്യൂസീലൻഡിൽ ഇളവു കിട്ടാത്തതിനാൽ വരന്റെ വരവു മുടങ്ങി. തുടർന്ന് വെർച്വൽ പ്ലാറ്റ്ഫോം വഴി ഹാജരായി വിവാഹം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വധു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കോടതി അപേക്ഷ അംഗീകരിക്കുകയും ഓൺലൈൻ വഴി വിവാഹം നടത്താൻ സബ് റജിസ്ട്രാർക്കു നിർദേശം നൽകുകയും ചെയ്തു. ഇന്നലെ മേപ്പയൂർ സബ് റജിസ്ട്രാർ ഓഫിസിൽ നടന്ന റജിസ്ട്രേഷനിൽ വരന്റെ പിതാവ് സന്തോഷും വധുവുമാണ് ഒപ്പുവച്ചത്. സബ് റജിസ്ട്രാർ എൻ.നിതേഷ് ‘കാർമികത്വം’ വഹിച്ചു.

Related Articles

Leave a Reply

Back to top button