
കൊവിഡ് കാരണം രണ്ടുമാസമായി നിര്‍ത്തിവച്ചിരുന്ന ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ആദ്യദിവസം മൂന്നുകളിയുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ശ്രീനിധി ഡക്കാണ്‍ മണിപ്പൂര്‍ ടീമായ ട്രാവു എഫ്‌സിയെ നേരിടും. ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സി മണിപ്പൂരിലെ നെരോക എഫ്‌സിയുമായി വൈകിട്ട് 4.30ന് ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചിരുന്നു.
രാത്രി 7.30ന് ഐസോള്‍ എഫ്.സി മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിനെ നേരിടും. ആദ്യ റൗണ്ട് മത്സരം തീരുന്നതിനു മുമ്പായിരുന്നു ഐ ലീഗ് ബയോ സെക്യൂര്‍ ബബളില്‍ കൊവിഡ് വ്യാപനം ഉണ്ടായത്. എല്ലാ മത്സരങ്ങളും കൊല്‍ക്കത്തയിലാണ് നടക്കുന്നത്.
ആദ്യ കളിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ കീഴടക്കിയാണ് ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സി തുടങ്ങിയത്. സ്ലോവേനിയ താരം ലൂക്ക മജെസണ്‍, ജമൈക്കന്‍ താരം ജൗര്‍ഡെയ്ന്‍ ഫ്‌ളെച്ചര്‍ എന്നിവരെ ഉള്‍പ്പെടുത്തി ടീം ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗാണ് ഐ-ലീഗ്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മേല്‍നോട്ടത്തിലാണ് ഐ-ലീഗ് നടക്കുന്നത്. 11 സീസണ്‍ നീണ്ട ദേശീയ ഫുട്ബോള്‍ ലീഗ് ആണ് 2007-08 സീസണ്‍ മുതല്‍ ഐ-ലീഗ് എന്നറിയപ്പെട്ട് തുടങ്ങിയത്.
ദേശീയ ഫുട്ബോള്‍ ലീഗിലെ എട്ടു ടീമുകളെയും രണ്ടാം ഡിവിഷന്‍ ലീഗില്‍ നിന്നുള്ള രണ്ടു ടീമുകളെയും ഉള്‍പ്പെടുത്തിയാണ് 2007-08 സീസണില്‍ ഐ-ലീഗ് ആരംഭിക്കുന്നത്. ഓരോ ടീമിലും നാലു വീതം വിദേശ കളിക്കാരെ ഉള്‍പ്പെടുത്താന്‍ ടീമുകളെ അനുവദിച്ചു എന്നതായിരുന്നു അന്നത്തെ പ്രധാന മാറ്റം. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന ഗോകുലം കേരള എഫ്‌സിയും മണിപ്പൂരിലെ നെരോക എഫ്‌സിയും തമ്മിലുള്ള മത്സരം ട്വന്റി ഫോറിന്റെ യുട്യൂബില്‍ തത്സമയം കാണാം. https://www.youtube.com/24onlive





