Kerala

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കണം: കെ.സുധാകരന്‍ എംപി

Please complete the required fields.




വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് ബോര്‍ഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന മുസ്ലീം സമുദായ സംഘടനാ നേതാക്കളുടെ ബദല്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായി അവഗണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമനം പി.എസ്.സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാട്ടിയത്. മുസ്ലീം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും സുധാകരന്‍ പറഞ്ഞു. മുസ്ലീം സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ അധികാരമുള്ള സമിതിയാണ് വഖഫ് ബോര്‍ഡ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡില്‍ പി.എസ്.സി വഴി ആളുകളെ നിയമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ അവധാനത കാട്ടണം. നിയമനം പി.എസ്.സിക്ക് വിട്ടതു വഴി തുല്യനീതി, അവസര സമത്വം തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തി വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ മറ്റ് ഇതരവിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാറിന് കളമൊരുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button