ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൻവർണവസന്തം തീർത്ത് 72 കലാകാരൻമാർ

കോഴിക്കോട് : ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൻവർണവസന്തം തീർത്ത് 72 കലാകാരൻമാർ. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോർഡിന്റെ നേതൃത്വത്തിൽ 72 മീറ്റർ കാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോഡിട്ടു.
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിങ്’ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോഡാണ് ‘മണ്ണിൻ വർണവസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്.
ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെക്കോഡ് പ്രഖ്യാപനം നടത്തി. മൺചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചൽ നിർവഹിച്ചു. ചരിത്രസ്മാരകങ്ങളും സാമൂഹികപരികർത്താക്കളും നവോഥാന നായകരും ചരിത്രപ്രസിദ്ധ സ്ഥലങ്ങളും കാൻവാസിൽ ഇടം പിടിച്ചു.
സതീഷ് പാലോറ, രാംദാസ് കക്കട്ടിൽ, കൃഷ്ണൻ പാത്തിരിശ്ശേരി, സുരേഷ് ഉണ്ണി, ശശി കോട്ട്, സിഗ്നി ദേവരാജ്, ഹാറൂൺ അൽ ഉസ്മാൻ, യു.കെ. രാഘവൻ മാസ്റ്റർ, മേരി എർ മിന റോഡ്രിഗസ്, ബിവീഷ്.കെ. തുടങ്ങിയ 72 ചിത്രകാരന്മാർ പങ്കെടുത്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തുടങ്ങിയ മൺചിത്രംവര ആറുമണിയോടെ പൂർത്തിയാക്കി.





