പെൺകുട്ടിയുടെ മുന്നിൽവച്ചാണ് അരുണിനെ കുത്തിയത്; നാടിനെ നടുക്കിയ കൊലപാതകത്തിൽ നിർണായക ദൃക്സാക്ഷി മൊഴി
കൊല്ലം: കൊല്ലം ഇരട്ടക്കടയിൽ പെൺ സുഹൃത്തിനെ കാണാൻ എത്തിയ 19 കാരന്‍റെ കൊലപാതകത്തിൽ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്.പെൺകുട്ടിയുടെ മുന്നിൽവച്ചാണ് പ്രസാദ് അരുണിനെ കുത്തിയതെന്ന് സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ദക്സാക്ഷി ആൽഡ്രിൻ വിനോജ് പറഞ്ഞു.ആൽഡ്രിനൊപ്പമാണ് അരുൺ പെൺകുട്ടിയുള്ള വീട്ടിൽ എത്തിയത്. അരുണിനെ കുത്താനുള്ള ശ്രമം തടഞ്ഞ തന്നെയും ആക്രമിക്കാൻ ശ്രമിച്ചു. കുത്തേറ്റ അരുണിനെ താൻ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ആല്‍ഡ്രിൻ പറഞ്ഞു.
അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് അരുണ്‍കുമാറിന്‍റെ കുടുംബം ആരോപിച്ചു. ഇതര മതത്തിൽപ്പെട്ട യുവാവും മകളും തമ്മിൽ പ്രണയച്ചതിന്‍റെ ദുരഭിമാനത്തിലാണ് പ്രതി പ്രസാദ് കൊല നടത്തിയതെന്ന് അരുണിന്‍റെ മാതൃ സഹോദരി സന്ധ്യ പറഞ്ഞു.കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയത്. പ്രസാദിന്‍റെ മകളുമായി അരുൺ എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസാദ് അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സന്ധ്യ ആരോപിച്ചു.
ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയുടെ ബന്ധുവീട്ടിൽ വച്ച് പ്രസാദ് അരുണിനെ കുത്തിയത്. സുഹൃത്തായ ആല്‍ഡ്രിനൊപ്പമാണ് ഇരവിപുരം സ്വദേശി അരുൺകുമാർ പെൺകുട്ടി താമസിക്കുന്ന ഇരട്ടക്കടയിലെ ബന്ധു വീട്ടിൽ എത്തിയത്.
പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ പ്രസാദും എത്തി. അരുണും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രസാദ് കത്തികൊണ്ട് 19 കാരനായ അരുണിന്‍റെ നെഞ്ചിൽ കുത്തി. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് ആൽഡ്രിനാണ് അരുണിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അരുണിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പെൺകുട്ടിയും അരുണും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നെന്ന് അരുണിന്‍റെ കുടുംബം പറയുന്നു. പ്രായപൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് സമ്മതിച്ച പ്രസാദ് പിന്നീട് ബന്ധത്തെ എതിർത്തെന്നും അരുണിനെ പലതവണ ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ ബിജു ആരോപിച്ചു.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതിയാണ് ബന്ധുവീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും അച്ഛൻ പറഞ്ഞു. അരുണും പെൺകുട്ടിയും രണ്ട് മത വിഭാഗത്തിൽപ്പെട്ടവരാണ്.പ്രസാദിന്‍റെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണിന്‍റെ മാതൃ സഹോദരി സന്ധ്യ പറഞ്ഞു. കൊലപാതക ശേഷം പ്രതി പ്രസാദ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.