Idukki

തൊടുപുഴ യൂത്ത് കോൺഗ്രസ് മാർച്ച്: പരിക്കേറ്റ ബിലാൽ സമദിന്റെ നില ഗുരുതരം, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Please complete the required fields.




ഇടുക്കി: തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന്  ഗുരുതര പരിക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ബിലാൽ സമദിന് ഗുരുതരമായ പരിക്കും മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കുകളും ഉണ്ടായി. പ്രതിഷേധക്കാർ സിപിഎമ്മിന്റെ കൊടിമരം തകർത്തു. പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇതോടെയാണ് തൊടുപുഴയിൽ നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പൊലീസുകാർക്ക് സാരമല്ലാത്ത പരിക്കേറ്റു. ഇന്ന് രാവിലെ മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ച് പൊലീസ് തടയാൽ ശ്രമിച്ചെങ്കിലും പ്രവർത്തകർ മുന്നോട്ട് പോയി. പിന്നീട് പ്രസ് ക്ലബിന് മുന്നിലെത്തിയ പ്രതിഷേധക്കാരോട് മാർച്ച് അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. പ്രവർത്തകർ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെയാണ് പ്രവർത്തകർക്ക് പരിക്കേറ്റത്.

സ്വർണക്കടത്ത് വിവാദത്തിൽ ഇന്നും കലുഷിതമാണ് കേരളത്തിലെ തെരുവുകൾ. ഇടത് – വലത് മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഇന്നും പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും അക്രമങ്ങളും സംഘർഷവുമുണ്ടായി. പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഇന്നലെ കെപിസിസി ആസ്ഥാനമായിരുന്നെങ്കിൽ ഇന്ന് വിഡി സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറിഞ്ഞിരുന്നു. ഇതിൽ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്ത നിലയിലായിരുന്നു. അക്രമം നടത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. അമ്പലപ്പുഴ പൊലീസിൽ നേതാക്കൾ പരാതി നൽകി.

പേരാവൂർ മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും രാത്രി തകർത്തു. ഇന്ന് രാവിലെയാണ് ഇത് കണ്ടെത്തിയത്. ഓഫീസിന്റെ ജനൽ ചില്ലുകളും അക്രമികൾ എറിഞ്ഞു തകർത്തിരുന്നു. നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത കേസിൽ നാല് സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോഴിക്കോട് ഏറാമല കുന്നുമ്മക്കരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുലർച്ചെ തീവെച്ച് നശിപ്പിച്ചു. ഓഫീസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട അടൂരിൽ കോൺസ് ഓഫീസ് തല്ലി തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു. കാസർഗോഡ് നീലേശ്വരം ഹൗസിംഗ് കോളനിക്ക് സമീപം സ്ഥാപിച്ച  കെ കരുണാകരന്റെ പ്രതിമ ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടെത്തി.

Related Articles

Leave a Reply

Back to top button