Kozhikode

അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Please complete the required fields.




താമരശ്ശേരി: ചുരത്തിൽ ബുധനാഴ്ച വൈകിട്ട് അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതി വയനാട് സ്വദേശി ചുണ്ട വെള്ളാരംകുന്ന് മേലെപീടിക നൗഫലി(37) നെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയിലിൽ എത്തി മടങ്ങി പോവുകയായിരുന്ന കൽപറ്റ മണിയംകോട് സാകേതം സച്ചി(29)നെ ആണ് ബുധനാഴ്ച വൈകിട്ട് ചുരം 7ാം വളവിനു താഴെ വച്ച് ആക്രമിച്ചു പരുക്കേൽപിച്ചത്. കൈതപ്പൊയിലിൽ നിന്നു സ്കൂട്ടറിൽ വയനാട്ടിലേക്കു പോകുമ്പോൾ ടയർ പഞ്ചറായി നിർത്തിയപ്പോഴാണ് ആക്രമണം.

അടിവാരത്ത് നിന്ന് ടയറിന്റെ പഞ്ചർ  ഒട്ടിക്കാൻ വന്ന ആൾ‌ പരുക്കേറ്റ സച്ചിനെ  ബൈക്കിൽ ഇരുത്തി താഴേക്ക് കൊണ്ടുവരുമ്പോൾ അതുവഴി വന്ന ഹൈവേ പൊലീസാണ് ആംബുലൻസ് വരുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലേക്കു കാറിൽ പോവുകയായിരുന്ന പ്രതി ചുരത്തിൽ വച്ച് സച്ചിനെ കണ്ടതിനെ തുടർന്നു തിരിച്ചു വന്ന് ആക്രമിക്കുകയായിരുന്നു.

യാത്ര തുടർന്ന ഇയാളെ പൊലീസ് മുക്കത്തുവച്ചാണ് പിടികൂടിയത്. ഇൻസ്പെക്ടർ സനൽരാജ്, എസ്ഐ വി.കെ.റസാഖ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്ത് നിന്ന് 100 മീറ്ററോളം മാറി ഓവുചാലിൽ നിന്ന് പ്രതി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി രക്ത സാംപിൾ ശേഖരിച്ചു. വ്യക്തി വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ സച്ചിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button