‘നാവിന് പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ അറിയിക്കണ്ടേ, സമ്മതം വാങ്ങിവേണ്ടേ ശസ്ത്രക്രിയ നടത്താന്‍’

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈവിരലിനു ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ മാതാവ്. കുട്ടിയുടെ വായുടെ ഭാഗത്ത് ചോര കണ്ട് നഴ്‌സുമാരോട് അന്വേഷിച്ചപ്പോഴാണ് വായിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് അറഞ്ഞതെന്ന് കുട്ടിയുടെ മാതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അബദ്ധം സംഭവിച്ചതാണ് എന്ന് ഡോക്ടര്‍ സമ്മതിച്ചതാണെന്നും ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് പരാതി നല്‍കിയതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അങ്ങനെയാണെങ്കില്‍ക്കൂടി ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയും അവരുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തുകയുമല്ലേ വേണ്ടതെന്ന് കുട്ടിയുടെ മാതാവ് ചോദിക്കുന്നു.
മെയ് 16, വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് ശസ്ത്രിക്രിയ നടത്തുന്നതിനായി ആശുപത്രിയില്‍ എത്താന്‍ പറഞ്ഞത്. ഒമ്പതുമണിയോടെ കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയി. തിരികെ കൊണ്ടുവന്നപ്പോഴാണ് വായയുടെ ഭാഗത്തുനിന്നും ചോര വരുന്നത് ശ്രദ്ധയില്‍പെട്ടത്. നഴ്‌സുമാരോട് ഇതേപ്പറ്റി അന്വേഷിച്ചപ്പോഴാണ് നാവിലാണ് ശസ്ത്രിക്രിയ നടത്തിയത് എന്ന് അറിഞ്ഞത്. അവരോട് വിരലിന്റെ ശസ്ത്രക്രിയക്കാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകാന്‍ പറഞ്ഞുവിട്ടത് നഴ്‌സുമാരാണെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.ഉടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലെത്തി ഡോക്ടറുടെയടുത്ത് കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് അബദ്ധം പറ്റിയതാണ് എന്ന് ഡോക്ടര്‍ പറഞ്ഞത്. അത് എഴുതി ഒപ്പിട്ടുതരികയും ചെയ്തു. സൂപ്രണ്ടിനും മറ്റ് അധികൃതര്‍ക്കും അപ്പോള്‍ തന്നെ പരാതി നല്‍കി. ഇനി ഒരു കുട്ടിക്കും ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാകരുത് എന്ന് കരുതിയാണ് പരാതി നല്‍കിയത്. പരാതി നല്‍കി 10 മിനിറ്റുകഴിഞ്ഞപ്പോള്‍ വീണ്ടും കുട്ടിയെ വിരലിന്റെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
കുട്ടിയുടെ നാവിന് പ്രശ്‌നമുള്ളതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്. ശരി, അങ്ങനെയൊരു പ്രശ്‌നം കണ്ടെത്തിയാല്‍ അത് രക്ഷിതാക്കളെ അറിയിക്കണ്ടേ, എന്നിട്ടുവേണ്ടേ ശസ്ത്രിക്രിയ നടത്താന്‍. ഇതിപ്പോ നാവിലായതുകൊണ്ട് പ്രശ്‌നമില്ല, ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നറിയില്ല, എന്നിരുന്നാലും മറ്റേതെങ്കിലും അവയവത്തിനായിരുന്നു പ്രശ്‌നമെങ്കിലോ?, കുട്ടിയുടെ മാതാവ് ചോദിച്ചു.
പിഴവ് വിവാദമായതോടെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ ഇന്നലെ തന്നെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇടതുകൈയിലെ ആറാമത്തെ വിരല്‍ നീക്കാനായി ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശികളുടെ മകള്‍ക്കാണ് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. ടങ്ങ് ടൈ നീക്കാനായി വേറെയും കുട്ടികള്‍ ആശുപത്രിയിലെത്തിയിരുന്നു. ഇവരിലൊരാളാണെന്ന് തെറ്റിദ്ധരിച്ചാണ് ചികിത്സ നല്‍കിയത്.





