Kozhikode

കലക്ടറേറ്റിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; യുവതിക്കെതിരെ കേസെടുത്തു

Please complete the required fields.




കോഴിക്കോട്: സർക്കാർ ജോലി വാഗ്ദാനം ചെയ്തു മൂന്നര ലക്ഷം രൂപ വാങ്ങി യുവാവിനെ കലക്ടറേറ്റിലെത്തിച്ച് കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിക്കു കോഴിക്കോട് കലക്ടറേറ്റിൽ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ (എഡിഎം) പഴ്സനൽ അസിസ്റ്റന്റായി ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് മൂന്നര ലക്ഷം രൂപ വാങ്ങിയെന്നാണു മൊഴി. തട്ടിപ്പു തിരിച്ചറിഞ്ഞ കലക്ടറേറ്റ് ജീവനക്കാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തിയെങ്കിലും യുവാവിനു പരാതിയില്ലാത്തതിനാൽ യുവതിയെ വിട്ടയച്ചു. എങ്കിലും എഡിഎമ്മിന്റെ പരാതിയിൽ ബാലുശ്ശേരി സ്വദേശിനി സ്മിതയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ഇന്നലെ ഉച്ചയോടെയാണു യുവാവിനെയും അമ്മയെയും കൂട്ടി യുവതി കലക്ടറേറ്റിലെത്തിയത്. ജോലി കിട്ടാൻ പേരിനൊരു ഇന്റർവ്യൂവിനു ഹാജരാകണമെന്നാണു യുവാവിനോടു പറഞ്ഞിരുന്നത്. യുവാവിനെയും അമ്മയെയും വരാന്തയിൽ നിർത്തിയ ശേഷം യുവതി ഫയലുമായി കലക്ടറേറ്റിലെ ഡി സെക്‌ഷനിൽ കയറി. അവിടെയുള്ള ജീവനക്കാരനോട് താൻ ഇവിടെ ജിയോളജി വകുപ്പിലേക്കു സ്ഥലം മാറി വന്നതാണെന്നാണു പറഞ്ഞത്. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ജീവനക്കാരന്റെ മേശപ്പുറത്തു ഫയൽ വച്ച് ഇപ്പോൾ വരാമെന്നു പറഞ്ഞു പുറത്തിറങ്ങി.

ഫയൽ ഓഫിസിൽ ഏൽപിച്ചിട്ടുണ്ടെന്നും ഇന്റർവ്യൂ ഉടൻ ഉണ്ടാകുമെന്നും യുവാവിനെയും അമ്മയെയും ധരിപ്പിച്ചു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓഫിസ് ജീവനക്കാരൻ ഇതിനകം ജിയോളജി ഓഫിസിൽ അന്വേഷിച്ചിരുന്നു. അങ്ങനെയൊരു ജീവനക്കാരി ഇല്ലെന്നറിഞ്ഞതോടെ മറ്റു ജീവനക്കാരെയും വിളിച്ചുവരുത്തി. അൽപം കഴിഞ്ഞു ഫയൽ എടുക്കാൻ തിരിച്ചെത്തിയ യുവതിയോട് പെർമനന്റ് എംപ്ലോയീ നമ്പർ ചോദിച്ചപ്പോൾ കൃത്യമായ മറുപടിയുണ്ടായില്ല.

തുടർന്ന് എഡിഎം സി.മുഹമ്മദ് റഫീഖിന്റെ നിർദേശ പ്രകാരം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയതായി യുവാവ് വെളിപ്പെടുത്തിയതിനെ തുടർന്നു യുവതിയെ കലക്ടറേറ്റിലെ ഫിനാൻസ് വിഭാഗം ഓഫിസിൽ എത്തിച്ച് അടച്ചിട്ട മുറിയിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്തു. ഇതിനിടയിൽ യുവതി വിവരം അറിയിച്ചതിനെ തുടർന്ന് അഭിഭാഷകൻ എത്തി പൊലീസുമായി സംസാരിച്ചു.

അതിനു ശേഷം യുവാവുമായി പൊലീസ് വീണ്ടും സംസാരിച്ചെങ്കിലും പരാതിയില്ലെന്നു യുവാവ് അറിയിച്ചതിനാൽ നാലരയോടെ യുവതിയെ വിട്ടയച്ചു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കലക്ടറേറ്റിനു പിന്നിലൂടെ ഇറങ്ങിപ്പോകാൻ യുവതിക്കു വനിതാ പൊലീസ് സൗകര്യമൊരുക്കുകയും ചെയ്തു. തന്റെ ഓഫിസും സർക്കാർ സംവിധാനവും ദുരുപയോഗം ചെയ്തെന്ന എഡിഎമ്മിന്റെ പരാതിയിലാണു നടക്കാവ് പൊലീസ് കേസെടുത്തത്. വിശദമായി അന്വേഷിക്കുമെന്നു ടൗൺ അസി.കമ്മിഷണർ പി.ബിജുരാജ് അറിയിച്ചു.

Related Articles

Leave a Reply

Back to top button