
കോഴിക്കോട് : ഇതരസംസ്ഥാന തൊഴിലാളി സഹപ്രവർത്തകന്റെ അടിയേറ്റ് മരിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ നിതായ് സമദാർ (48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സഹപ്രവർത്തകനുമായ ശ്യാമൾ ബറയിൽ (54) അറസ്റ്റിലായി.
ബീച്ചിന് സമീപമുള്ള കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രത്തിൽ ചുറ്റുമതിൽ നിർമാണം നടത്തുന്നവരിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഒന്നിച്ചിരുന്ന് മദ്യപിച്ചതോടെ വെള്ളിയാഴ്ച ഇവർ തമ്മിൽ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നു. ശനിയാഴ്ച തലയ്ക്ക് കൈക്കോട്ടുകൊണ്ട് വെട്ടേറ്റത് കൂടാതെ വയറ്റിൽ ചവിട്ടേറ്റ് ആന്തരികക്ഷതം ഏൽക്കുകയും ചെയ്തു.
വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആദ്യം ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. വീണ് പരുക്കേറ്റുവെന്ന് മൊഴിനൽകിയതിനാലും ആർക്കും പരാതിയില്ലാത്തതിനാലും വിവരം പോലീസും അറിഞ്ഞില്ല. മാത്രമല്ല ആശുപത്രിയിൽനിന്നുള്ള ബന്ധപ്പെട്ട അറിയിപ്പുമുണ്ടായില്ല.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞതോടെ തലയ്ക്കേറ്റ ക്ഷതവും വയറിനേറ്റ ചവിട്ടുമാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതോടെ വെള്ളയിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇൻസ്‌പെക്ടർ വി. ബാബുരാജിനാണ് അന്വേഷണച്ചുമതല.





