മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, തുറന്നുപറഞ്ഞതോടെ മനസിന്റെ ഭാരം ഇറങ്ങി; ഇരട്ടകൊല നടത്തിയ മുഹമ്മദാലി

കോഴിക്കോട് :താൻ കൊലപ്പെടുത്തിയ ആളെ ഇത്രയും വർഷങ്ങൾക്ക് ശേഷം പോലീസ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വേങ്ങര സ്വദേശി മുഹമ്മദലി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയ മുഹമ്മദലി പ്രതികരിക്കുകയായിരുന്നു.
ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും മുഹമ്മദലി പറഞ്ഞു. കടുത്ത കുറ്റബോധം വേട്ടയാടിയതിനെ തുടർന്നാണ് നാല് പതിറ്റാണ്ടിന് ശേഷം താൻ ചെയ്ത ക്രൂരത തുറന്നുപറയാൻ ഇയാൾ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മകൻ മരിച്ചതോടെയാണ് മുഹമ്മദലിയെ കുറ്റബോധം അതിശക്തമായി വേട്ടയാടാൻ തുടങ്ങിയത്. ചെയ്ത പാപത്തിന്റെ ഫലമാണിതെന്ന ചിന്ത മുഹമ്മദലിയെ തളർത്തി. തുടർന്ന് രാത്രികളിൽ ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി.
മാനസിക ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ കൊലപാതകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. എന്നാൽ ആരും മുഹമ്മദലിയെ വിശ്വസിച്ചില്ല. എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സമാധാനം ലഭിച്ചതെന്നും മുഹമ്മദലി പറഞ്ഞു. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും ഇയാൾ പറയുന്നു.അന്ന് താൻ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മാത്രമായിരുന്നതിനാൽ ആർക്കും ഒട്ടും സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും കാലം നിയമത്തിന് മുന്നിൽ പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മലപ്പുറം വേങ്ങര പൊലീസിലാണ് മുഹമ്മദലി വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് മുഹമ്മദലിയെ അറസ്റ്റ് ചെയ്ത് തിരുവമ്പാടി പൊലീസിന് കൈമാറി. മഞ്ചേരി ജയിലിൽ റിമാൻഡിലായ മുഹമ്മദലി ഇപ്പോൾ ജാമ്യത്തിലാണ്.
1986 ല്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണെന്ന് കഴിഞ്ഞദിവസം പൊലീസ് സ്ഥിരീകരിച്ചു. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക കൊലപാതകത്തിലേക്ക് നയിച്ചു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.
വെള്ളയില്‍ ബീച്ചില്‍വെച്ച് മറ്റൊരു കൊലപാതകം കൂടി നടത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. 1989ലായിരുന്നു ആ സംഭവം. പണം തട്ടിപ്പറിച്ചയാളെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മുഹമ്മദലി പറഞ്ഞത്.
കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോടെത്തി. അവിടെ ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഒരാള്‍ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ചത്. അയാള്‍ വെള്ളയില്‍ ബീച്ച് പരിസത്തുള്ളതായി സുഹൃത്ത് ‘കഞ്ചാവ് ബാബു’ പറഞ്ഞു. താനും കഞ്ചാവ് ബാബുവും അവിടേയ്ക്ക് പോയി ഇക്കാര്യം ചോദിച്ചു.ബാബു അവനെ തല്ലിത്താഴെയിട്ട ശേഷം മണ്ണിലേക്ക് മുഖം പൂഴ്ത്തിവെച്ചു. താന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിയുകയായിരുന്നുവെന്നും മുഹമ്മദലി പറഞ്ഞിരുന്നു. മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഏഴംഗ ക്രൈംബ്രാഞ്ച് സ്‌ക്വാഡിനെ രൂപീകരിച്ചിരുന്നു.





