
താമരശ്ശേരി: കെഎസ്ആർടിസി ബസിൽ ജീപ്പ് തട്ടിയത് സംബന്ധിച്ച് സംസാരിക്കാൻ ചെന്ന ഡ്രൈവറെ വാഹനം ഇടിപ്പിച്ചു കടന്നുകളഞ്ഞതായി പരാതി. പരുക്കേറ്റ താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ എ.പി. മുസ്തഫ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ പകൽ 12.20നാണ് സംഭവം. കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം ദേശീയ പാതയിൽ ഗതാഗത കുരുക്ക് മൂലം മെല്ലെ നീങ്ങി കൊണ്ടിരുന്ന ബസിനു പിന്നിൽ നിന്നു വന്ന ജീപ്പ് മറി കടക്കുമ്പോൾ വലത് ഭാഗത്ത് തട്ടുകയായിരുന്നു.
താമരശ്ശേരി ബസ് ബേയിൽ എത്തി ബസ് നിർത്തി ഇടിച്ച ഭാഗം പരിശോധിക്കുന്നിതിനിടയിൽ വന്ന ജീപ്പുകാരെ കൈകാണിച്ചു നിർത്തി പൊലീസിൽ വിവരം പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജീപ്പ് മുന്നോട്ട് എടുത്ത് കടക്കാനുള്ള ശ്രമത്തിലാണ് ഡ്രൈവറെ തട്ടിയത്. സ്ഥലത്ത് ഉണ്ടായിരുന്ന ഹോം ഗാർഡ് ഉൾപ്പെടെ ജീപ്പുകാരെ പിന്തുടർന്നെങ്കിലും ചുങ്കം ബൈപാസ് റൂട്ടിലൂടെ കടന്നുകളഞ്ഞു. പിന്നിൽ നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത ജീപ്പിൽ 2 പേരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടിസി ബസ് കോഴിക്കോട്ടു നിന്നു താമരശ്ശേരിയിലേക്കു വരികയായിരുന്നു.





