
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷൻ കടകളുടെ പ്രവർത്തനം പൂർണ്ണമായി സ്തംഭിച്ചു.ഇ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണം. രാവിലെ മുതൽ പല ജില്ലകളിലെയും റേഷൻ കടകളിൽ ഇ-പോസ് സംവിധാനം തകരാറിലായി. ഇതോടെ രാവിലെ 12 മണി വരെയുള്ള വിതരണം മുഴുവൻ തടസപ്പെട്ടു.
റേഷൻ വാങ്ങാൻ രാവിലെ തന്നെ എത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. മെഷീൻ തകരാർ മൂലം സാധനങ്ങൾ വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണ് പല കടകളിലും.വൈകുന്നേരത്തെ വിതരണവും ബാധിക്കുമോ എന്ന ആശങ്കയിലാണ് റേഷൻ ഉപഭോക്താക്കൾ.
സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിൽ ഇടയ്ക്കിടെ തകരാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് റേഷൻ വിതരണത്തെ സാരമായി ബാധിക്കുന്നു. സംഭവത്തിൽ ഭക്ഷ്യവകുപ്പ് ഉടൻ ഇടപെടണമെന്നും വിതരണം മുടങ്ങാതെ നടത്തണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.





