Thiruvananthapuram

കനത്തമഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മലയോര – തീരമേഖലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസ‍‍ർകോട് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 14, 15 തീയതികളി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നാണ് അറിയിപ്പ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പുറമെ കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അടുത്ത രണ്ട് ദിവസങ്ങളിലാണ് നിയന്ത്രണം. അതിതീവ്ര മഴ മുന്നറിയിപ്പാണ് ജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ നൽകിയിരിക്കുന്നത്. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കരുതെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button