പുലി ഇരയെ ആക്രമിക്കുന്നതുപോലെ ചാടിവീണു’; കണ്ണൂരിലേത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ തനിക്കെതിരെ നടത്തിയത് മുൻകൂട്ടി നിശ്ചയിച്ച ആസൂത്രിത ആക്രമണമാണെന്ന് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് പ്രതിഷേധക്കാർ തനിക്ക് നേരെ ചാടിവീണതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രമുഖ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്.
കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. “കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്തുകൂടായിരുന്നോ? എന്തിനാണ് അവർ പോലീസ് വലയം ഭേദിച്ച് എന്റെ അരികിലേക്ക് എത്തിയത്?” മന്ത്രി ചോദിച്ചു. ഒരു കൂട്ടം ആളുകൾ ചേർന്ന് തന്നെ ആക്രമിച്ചിട്ടും, ആ സംഭവത്തെക്കുറിച്ച് വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വധശ്രമത്തിനാണ് അവർ മുതിർന്നതെന്നും ഇതിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നും മന്ത്രി ആവർത്തിച്ചു.
പ്രചരിക്കുന്നത് പ്രതിഷേധക്കാർക്ക് വേണ്ടി വന്നവർ പകർത്തിയ ദൃശ്യങ്ങളാണെന്നും ആ ദൃശ്യങ്ങളിൽപോലും പ്രതിഷേധക്കാരിൽ ഒരാൾ തന്റെ അടുത്തേക്ക് വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പിടിവലിയിൽ തന്റെ ദേഹം നന്നായി വേദനിച്ചു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ചർദ്ദിയുണ്ടായിരുന്നതുകൊണ്ട് വഴിയിൽ ഒന്ന് രണ്ട് ബന്ധുവീടുകളിൽ വിശ്രമിച്ചു. ഇപ്പോൾ വേദനയും മുഖത്ത് നീരും തലകറക്കവും ചർദ്ദിയുമുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടുവെന്നും മന്ത്രി പറഞ്ഞു.





