
കോഴിക്കോട് : സ്വകാര്യബസ് സമയത്തെ ചൊല്ലിയുള്ള തെരുവുയുദ്ധത്തിന് അറുതിയാവുന്നില്ല. കഴിഞ്ഞദിവസമുണ്ടായ വാക്തർക്കത്തെ തുടർന്നുള്ള തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്.
മലപ്പുറം സ്വദേശികളായ വള്ളുവമ്പ്രം കൈതക്കോടൻ വീട്ടിൽ കെ. കബീർ (48), വള്ളുവമ്പ്രം ചോലക്കൽ കെ.പി. ദിൽഷാദ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ‘മിഷാൻ’ ബസിന്റെ ക്ലീനറായ കബീറിന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുള്ളിൽവെച്ചാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 4.05-നാണ് സംഭവം. ബസ് കഴുകുന്നതിനിടയിൽ ‘അനുഗ്രഹം’ ബസിന്റെ ഉടമ ജാബിറും ക്ലീനർ ദിൽഷാദും മറ്റൊരാളും എത്തി മർദിക്കുകയായിരുന്നു.
വെള്ളിയാഴ്ച 9.15-ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ നടപ്പാതയിൽവെച്ചാണ് ദിൽഷാദിന് മർദനമേറ്റത്. മൂന്നുപേർചേർന്ന് തടഞ്ഞുവെച്ച് മുളവടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അബ്ദുൾ മറൂഫ്, ബിലാൽ, മനു എന്നിവർചേർന്നായിരുന്നു മർദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
രണ്ട് സംഭവങ്ങളിലുമായി കസബ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായി സമയക്രമത്തെച്ചൊല്ലി പാളയത്തുണ്ടായ തർക്കത്തിൽ രണ്ട് ബസുകളുടെ ചില്ലുകൾ തകർത്തിരുന്നു. ഒരു ബസിന്റെ ഡ്രൈവർക്ക് ഈ സംഭവത്തിൽ പരിക്കേറ്റിരുന്നു. ഇരുസംഭവങ്ങളിലുമായി രണ്ട് ബസും പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.
കുന്ദമംഗലം വഴി കോഴിക്കോട്-മുക്കം റൂട്ടിലോടുന്ന ‘ശ്രീരുദ്ര’ ബസിലെയും മാവൂർ ആർ.ഇ.സി. വഴി കോഴിക്കോട്-മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ‘കൊമ്പൻ’ ബസിലെ ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം. വയനാട് സ്വദേശി മുക്കം കുഴിമണ്ണിൽ റാഫി (26)ക്കാണ് പരിക്കേറ്റത്. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ബസ് ജീവനക്കാർ തമ്മിൽത്തല്ലുന്നത് നഗരത്തിൽ പലപ്പോഴും പതിവാകുകയാണ്.





