
കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡുകളിൽ രോഗികൾ നിറഞ്ഞു വരാന്തയിലെത്തി. അതേ സമയം, കോവിഡ് ബാധിതരെ പ്രവേശിപ്പിച്ച വാർഡുകൾ അണുവിമുക്തമാക്കി അവിടെ കോവിഡ് അല്ലാത്തവരെ കിടത്താനുള്ള നടപടി വൈകുകയാണ്. 1,2,3,4,21,24,31,36 എന്നീ വാർഡുകളിലാണ് മെഡിസിൻ വിഭാഗം രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ മിക്ക വാർഡുകളിലും രോഗികൾ വരാന്തയിൽ പായ വിരിച്ചു കിടക്കുകയാണ്.
നിപ്പ ബാധിച്ച് കുട്ടി മരിച്ചതിനെ തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരെ പൂർണമായും കഴിഞ്ഞ 5ന് പിഎംഎസ്‌എസ്‌വൈ ബ്ലോക്കിലേക്കു മാറ്റിയിരുന്നു. അതിനു ശേഷം 5,6,7,8 വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതിനു സമീപത്തെ 3,4 വാർഡുകളിലുള്ള രോഗികൾ വരെ വരാന്തയുടെ ഇരുഭാഗത്തും പായ വിരിച്ചു കിടക്കുമ്പോഴാണ് 4 വാർഡുകൾ അടച്ചിട്ടിരിക്കുന്നത്.
ഈ വാർഡുകൾ വേഗം ശുചീകരിച്ച് അണുവിമുക്തമാക്കിയാൽ നിലത്ത് കിടക്കുന്ന രോഗികൾക്ക് അത് ഏറെ ആശ്വാസകരമാകുമെന്ന് ആശുപത്രി ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. മെഡിസിൻ വിഭാഗത്തിൽ നേരത്തേ 11 വാർഡുകൾ ഉണ്ടായിരുന്നത് ഇപ്പോൾ എട്ടായി ചുരുങ്ങി. കോവിഡുകാരെ പ്രവേശിപ്പിച്ച 4 വാർഡുകളിൽ വീണ്ടും മെഡിസിൻ വിഭാഗം രോഗികളെ പ്രവേശിപ്പിച്ചാൽ നിലത്തു കിടക്കുന്നവർക്ക് ഒരു പരിധിവരെ അതു പ്രയോജനപ്പെടും.
അതോടൊപ്പം 24–ാം വാർഡിലേക്ക് ഓർത്തോ, ശസ്ത്രക്രിയ വിഭാഗത്തിലെ രോഗികളെ പ്രവേശിപ്പിക്കുകയും ചെയ്യാം. ഓർത്തോ വിഭാഗത്തിലും ശസ്ത്രക്രിയാ വിഭാഗത്തിലും തിരക്കു കൂടി വരികയാണ്. കോവിഡാനന്തര രോഗങ്ങൾ ഉൾപ്പെടെയായി അത്യാഹിത വിഭാഗത്തിലും ഒപി വിഭാഗത്തിലും എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇതിൽ രോഗം കൂടുതലുള്ളവരെ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ നിർദേശിക്കുമ്പോൾ, മെഡിസിൻ വിഭാഗത്തിലേക്കുള്ളവരാണെങ്കിൽ വാർഡുകളിലെത്തി പകച്ചു നിൽക്കുകയാണ്. പായ വിരിക്കാൻ വരാന്തയിൽ സ്ഥലം കിട്ടാൻ പോലും നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.





