
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളിൽ നിന്ന് 18 കിലോ കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.
എന്നാൽ നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായികുന്നു. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരിക്കുന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു.
പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥര്‍ പ്രത്യേക പരിശീലനം ലഭിച്ച വിദേശ ഇനം നായകളുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പിന്നീട് നായകളെ മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.





