Kozhikode

കോഴിക്കോട് ആംബുലന്‍സ് തടഞ്ഞ സംഭവം; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Please complete the required fields.




കോഴിക്കോട്: കോണ്‍ഗ്രസ് സമരം തടയാന്‍ വെച്ച ബാരിക്കേഡുകള്‍ ആംബുലന്‍സിന് മാറ്റിക്കൊടുക്കാതിരുന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണറോട് കമ്മീഷൻ ആവശ്യപ്പെട്ടു. ആഗസ്റ്റ് 25ന് ജില്ലയില്‍ സിറ്റിങ് നടത്തുമ്പോള്‍ ഈ കേസ് പരിഗണിക്കുമെന്നാണ് വിവരം. ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചിരുന്നു.

കേസുമായി മുന്നോട്ട് പോവാന്‍ താത്പര്യമില്ലെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞത്. നല്ലളം പൊലീസാണ് ദേശീയ പാതയില്‍ വെച്ച ബാരിക്കേഡ് ആംബുലൻസ് വന്നപ്പോൾ മാറ്റികൊടുക്കാതിരുന്നത്. 95കാരിയായ വൃദ്ധയുമായി പോകുകയായിരുന്ന ആംബുലൻസാണ് തടഞ്ഞത്. ബാത്ത് റൂമില്‍ വീണ് കാലിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് നല്ലളം ദേശീയ പാതയിൽ വാഹനം തടഞ്ഞതെന്ന് കബീർ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് ഈ കാര്യം പ്രതികരിച്ചത്.

സഹിക്കാനാകാത്ത വേദന കൊണ്ട് പൊളിയുകയായിരുന്നു രോഗി. തിരികെ പോയ വാഹനം കുണ്ടും കുഴിയും നിറഞ്ഞ മറ്റൊരു വഴിയിലൂടെ ഒന്നര കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് ആശുപത്രിയില്‍ എത്തിയതെന്നും മകൻ പറഞ്ഞു. പൊലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇതിലെ പോകാനാവില്ലെന്നായിരുന്നു പ്രതികരണം. ബാത്തുറൂമിൽ വീണ് കാലിൻ്റെ എല്ല് പൊട്ടി പുറത്ത് കാണാവുന്ന അവസ്ഥയിലായിരുന്നു. ഉമ്മ ആംബുലൻസിൽ നിന്ന് കരയുന്നത് കണ്ടിട്ടും പൊലീസ് ആംബുലൻസ് വിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചാണ് അരീക്കാട്ട് റോഡിലേക്ക് എത്തിയത്.

ആശുപത്രിയിൽ എത്തുന്നതിനായി അധിക സമയം എടുത്തുവെന്ന് കബീര്‍ പറഞ്ഞു. സമരക്കാര്‍ എത്തുന്നതിന് മുമ്പാണ് ആംബുലന്‍സ് തടഞ്ഞതെന്ന് ഡ്രൈവർ സുധീർ പറഞ്ഞു. ഏകദേശം മുപ്പത്തഞ്ചോളം പൊലീസുണ്ടായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര രോഗിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മാത്രമല്ല, വേദനകൊണ്ട് നിലവിളിക്കുകയായിരുന്നുവെന്നും സുധീർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button