ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ നടന്നത് കോടികളുടെ ലഹരി കച്ചവടം; ജിം ഇൻസ്ട്രക്ടർ അറസ്റ്റിൽ

തൃശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ തഴച്ചുവളർന്ന വൻ ലഹരിമരുന്ന് ശൃംഖലയെ തകർത്ത് തൃശ്ശൂർ റൂറൽ പോലീസ്. യുവതികൾക്കും യുവാക്കൾക്കുമിടയിൽ സുപരിചിതയായ ജിം ഇൻസ്ട്രക്ടർ ശ്രീലക്ഷ്മിയാണ് (30) രണ്ടേകാൽ കിലോയിലധികം ഹാഷിഷ് ഓയിലുമായി പോലീസിന്റെ പിടിയിലായത്. കരയാമുട്ടത്തെ വാടകവീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നും വിൽപ്പനാ പണവും പിടിച്ചെടുത്തത്.
കൂടാതെ മയക്ക് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്.
പൊലീസ്-എക്സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകൾ. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നത്. യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.





