
ഇടത് മുന്നണിയിലും ബിജെപിയിലും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികളിലേക്ക് കടന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പാർട്ടി ചാർട്ട് ചെയ്തതനുസരിച്ചാണ് പ്രചരണ പരിപാടികളെന്ന് ഉമാ തോമസ് പറഞ്ഞു.
‘മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷ’ ഉമാ തോമസ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എൽഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിർണായകമാണ്. തൃക്കാക്കര പിടിച്ചാൽ ഒരുവർഷം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമായി എൽഡിഎഫിന് അത് ഉയർത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.
നിലവിൽ 99 സീറ്റുണ്ട് ഇടതുമുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാൽ ഫാൻസി നമ്പരായ 100ലേക്ക്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ ജയിച്ചാൽ സർക്കാരിനുള്ള അംഗീകാരമായി എൽഡിഎഫ് ഉയർത്തിക്കാട്ടും. കൊവിഡ് കൊണ്ടുവന്ന തുടർഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി തൽക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും.
ഉറച്ച മണ്ഡലം നിലനിർത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. വി.ഡി.സതീശനും, കെ.സുധാകരനും ചേർന്ന പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.





