Kozhikode

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: നാലുപ്രതികളും വിദേശത്തേക്ക് കടന്നു

Please complete the required fields.




താമരശ്ശേരി : ബഹ്‌റൈനിൽനിന്ന്‌ കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ നാലുപ്രതികളും വിദേശത്തേക്ക് കടന്നു.

ചാത്തമംഗലം പുള്ളാവൂർ മാക്കിൽ ഹൗസിൽ മുഹമ്മദ് ഉവൈസ് (23), പുള്ളാവൂർ പിലാത്തോട്ടത്തിൽ കടന്നാലിൽ മുഹമ്മദ് റഹീസ് (23), വലിയപറമ്പ മീത്തലെ പനക്കോട് മുഹമ്മദ് ഷഹൽ (25), ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് പുതിയേടത്ത്കണ്ടി ആദിൽ (24) എന്നിവരാണ് നെടുമ്പാശ്ശേരി വിമാനത്താവളംവഴി ഇക്കഴിഞ്ഞ വ്യാഴാഴ്ച മൂന്നുവിമാനങ്ങളിലായി ബഹ്‌റൈനിലേക്ക് കടന്നതായി പോലീസിന് വിവരംലഭിച്ചത്.

മേപ്പയ്യൂർ കാരയാട് പാറപ്പുറത്തുമ്മൽ ഷഫീഖി (36) നെ താമരശ്ശേരി നഗരത്തിലെ ലോഡ്ജിൽ പാർപ്പിച്ച് മർദിച്ച നാലംഗസംഘമാണ് ഷഫീഖ് രക്ഷപ്പെട്ടതിന്റെ തൊട്ടുപിറ്റേന്നുതന്നെ രാജ്യംവിട്ടത്. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത അന്നുതന്നെ വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതാണ് പ്രതികൾക്ക് മുങ്ങാൻ വഴിയൊരുക്കിയത്.

താമരശ്ശേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ താമരശ്ശേരി, കൊടുവള്ളി ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്നുതന്നെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധനനടത്തുകയും പ്രതികളുടെ വീടുകളിൽ അന്വേഷണംനടത്തുകയും ചെയ്തിരുന്നു. എന്നാൽ കേസെടുത്ത ദിവസംതന്നെ വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകാനുള്ള നടപടിയുണ്ടായില്ല.

കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ഷഫീഖിനെ ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് നാലംഗസംഘം കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയത്. ഗൾഫിൽനിന്ന്‌ നാട്ടിലേക്ക് അനധികൃതമായി കടത്താൻ ഏൽപ്പിച്ച സ്വർണം ബഹ്‌റൈനിൽ മറ്റാർക്കോ ഷഫീഖ് കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമം.

സ്വർണക്കടത്ത് സംഘം കൊടുവള്ളി ഭാഗത്തേക്ക് കാറിൽ പോകുന്നതിനിടെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം ഹോട്ടലിൽ ഭക്ഷണംകഴിക്കാനായി ഇറങ്ങിയപ്പോൾ, ഷഫീഖ് കടയിലേക്ക് ഓടിക്കയറി സഹായം തേടിയതോടെയാണ് സംഘം അവിടെനിന്ന്‌ കടന്നുകളഞ്ഞത്.

Related Articles

Leave a Reply

Back to top button