
അരിമ്പൂർ : ടി വി യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ (55) എന്ന മാധവനെയാണ് അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ടാണ് മകൻ ശിവപ്രസാദിനെ ഇയാൾ ക്രൂരമായി മർദ്ദിച്ചത്.
കാലിൻ്റെ തുടയിലും, പുറത്തും. കൈകളിലുമൊക്കെ മർദ്ദനത്തെ തുടർന്നുള്ള അടിയേറ്റ പാടുകൾ തൊലിയടർന്നത് പോലെ പിണർന്ന് കിടക്കുന്നുണ്ട്. മർദ്ദനം സഹിക്കവയ്യാതെ വാർഡ് അംഗത്തിൻ്റെ വീട്ടിലേക്ക് ഓടിയെത്തിയാണ് ശിവ പ്രസാദ് സഹായം തേടിയത്. തുടർന്ന് വാർഡ് അംഗം സിന്ധു സഹദേവൻ പൊലിസിനെ അറിയിക്കുകയും അന്തിക്കാട് എസ് ഐ എസ് ഐശ്വര്യയുടെ നേതൃത്വത്തിൽ എത്തിയ പൊലിസ് മറ്റ് നടപടികളെടുക്കുകയും ചെയ്തു.





