
കക്കയം : ദൂരെയിടങ്ങളിൽനിന്ന് ഒട്ടേറെ പ്രാവുകൾ എന്നും പുലർച്ചെ കക്കയം അങ്ങാടിയിലെത്തുന്നത് തങ്ങളെ വിരുന്നൂട്ടാൻ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ആറ്ുവർഷമായി ആ പ്രതീക്ഷയ്ക്ക് തടസ്സം വരാറില്ല. രാവിലെ ഏഴുമണിക്ക് കക്കയം അങ്ങാടിക്ക് സമീപമെത്തിയാൽ മരച്ചില്ലകളിലും വൈദ്യുതലൈനുകളിലും സമീപത്തെ മുസ്‌ലിം പള്ളിയുടെ മിനാരത്തിലും നൂറുകണക്കിനു പ്രാവുകളെ കാണാം. കക്കയം അങ്ങാടിയിൽ പ്രവർത്തിക്കുന്ന റേഷൻകട തുറക്കാനെത്തുന്ന കീരിശ്ശേരി സണ്ണി ചേട്ടനെ തേടിയാണ് അങ്ങാടിയിൽ തമ്പടിച്ചിരിക്കുന്ന പ്രാവിൻകൂട്ടം എത്തുന്നത്.
2019 മുതലാണ് കക്കയം അങ്ങാടിയിൽ വ്യാപാരി പ്രാവുകൾക്ക് തീറ്റകൊടുക്കാൻ തുടങ്ങിയത്. പിന്നീട് അത് മുടങ്ങിയതോടെ കരിങ്കല്ലുപണിക്കാരനായ വാലുകാട്ടിൽ ജോസ് പ്രാവുകൾക്ക് തീറ്റകൊടുക്കാൻ തുടങ്ങി. ദിവസം നാലുകിലോ ഗോതമ്പുവരെ ജോസ് പ്രാവുകൾക്ക് നൽകിയിരുന്നു. അങ്ങാടിയിലെ കെട്ടിടത്തിന് മുകളിലാണ് ജോസ് പ്രാവുകൾക്ക് തീറ്റ നൽകിക്കൊണ്ടിരുന്നത്.
ഏതാണ്ട് ഒന്നരവർഷംമുൻപ് ജോസ് ജോലിയാവശ്യാർതം കക്കയത്തുനിന്ന് പോയതോടെ ഭക്ഷണം പ്രതീക്ഷിച്ചെത്തുന്ന പ്രാവുകളുടെ അലച്ചിൽകണ്ട് റേഷൻകട നടത്തുന്ന സലാം ചീനിക്കലും, കീരിശ്ശേരി സണ്ണിയും ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അന്നുമുതൽ മുടങ്ങാതെ എല്ലാ ദിവസവും പ്രാവുകൾക്ക് ധാന്യം നൽകുന്ന ചുമതല സണ്ണി ഭംഗിയായി നിർവഹിച്ചുപോരുന്നുണ്ട്. ഞായറാഴ്ചയുൾപ്പടെയുള്ള അവധിദിവസങ്ങളിലും പ്രാവുകൾക്കുള്ള തീറ്റ ഇവർ മുടക്കാറില്ല. റേഷൻകടയിൽനിന്ന് അരിയും ഗോതമ്പും വാങ്ങുന്നവർ അവരുടെ വിഹിതത്തിൽനിന്ന് നൽകുന്ന പങ്ക് ഉപയോഗിച്ചാണ് പ്രാവുകൾക്കുള്ള തീറ്റ നൽകിവരുന്നത്.





