മലാപ്പറമ്പ്-പുതുപ്പാടി ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന കോഴിക്കോട്-മുത്തങ്ങ ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ചുമതലയേറ്റശേഷം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ കോഴിക്കോട്-മുത്തങ്ങ ദേശീയപാതാ വികസനം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും പുതുപ്പാടി മുതല്‍ മുത്തങ്ങ വരെ വികസിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കുന്നതിന് ആദ്യഘട്ടത്തില്‍ ഫണ്ടനുവദിച്ചതായും ഇപ്പോള്‍ ശേഷിക്കുന്ന മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയുള്ള വികസനവും യാഥാര്‍ത്ഥ്യമാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പേവ്ഡ് ഷോള്‍ഡറോട് കൂടിയ രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശവും പദ്ധതിയിലുണ്ട്. സംസ്ഥാന ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിശോധിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോകിപ്പിച്ച് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.





