പത്തനംതിട്ടയില്‍ വൈദ്യുതിവേലിക്ക് സമീപം വീട്ടമ്മ മരിച്ചു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും ഷോക്കേറ്റു

പത്തനംതിട്ട: മലയാലപ്പുഴയിൽ വൈദ്യുതി വേലിക്കടുത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാനി ചരുവിൽപുരയിടത്തിൽ ശാന്തമ്മ എബ്രഹാമാണ് മരിച്ചത്. ഫെൻസിങ്ങ് വേലിയിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള സ്ഥലത്താണ് ശാന്തമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സൗരോർജ വൈദ്യുത വേലിയൽ രണ്ട് കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിറക് ശേഖരിക്കാനാണ് ശാന്തമ്മ ബന്ധുവിന്റെ കൃഷിയിടത്തിലേക്ക് പോയത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് എബ്രഹാം തോമസ് അന്വേഷിച്ച് എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ഭാര്യ. നിലത്ത് നിന്ന് എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിൽ എബ്രഹാമിനും വൈദ്യുതാഘാതമേറ്റു
നാട്ടുകാരുടെ സഹായത്തോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാലപ്പുഴ പൊലീസ് എത്തി രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരു. കാട്ടുപന്നിയുടെ ആക്രണം രൂക്ഷമായതിനാലാണ് ഈ മേഖലയിലെ കൃഷിയിടങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിരിക്കുന്നത്.





